റൂറൽ എസ് പിയുടെ ക്യാമ്പ് ഓഫീസിന് സമീപമുള്ള വീടിന് പുറമെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം നടന്നു. പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്, പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ആലുവ: എറണാകുളം ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്‍റെ വീട്ടിൽ നിന്ന് അലമാര കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണമാണ് മോഷ്ടിച്ചത്. സമീപമുള്ള മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി.
ഇന്നലെ രാത്രിയായിരുന്നു ആലുവ തോട്ടയ്ക്കാട്ടുകരയിലെ മോഷണ പരമ്പര. തോട്ടയ്ക്കാട്ടുകരയിൽ സുജിത്തിന്‍റേത് ഉൾപ്പെടെ നാല് വീടുകളിലാണ് മോഷ്ടാവ് കയറിയത്. സുജിത്തിന്‍റെ വീട് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് അലമാരയിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു. റൂറൽ എസ് പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം. മോഷ്ടാവ് നടന്നുനീങ്ങുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മറ്റു മൂന്നു വീടുകളുടെ ജനാലകൾ തകർക്കുകയും വാതിലുകൾ ഇളക്കിമാറ്റാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ലഭിച്ചു. പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.



