തൃശൂർ പടിഞ്ഞാറേ കോട്ടയിൽ പട്ടാപ്പകൽ വീട് തകർത്ത് ആറ് ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും കവർന്ന കേസിൽ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരെ തമിഴ്‌നാട്ടിൽ വെച്ച് സാഹസികമായാണ് തൃശൂർ പോലീസ് പിടികൂടിയത്.

തൃശൂർ: പടിഞ്ഞാറേ കോട്ടയിൽ പട്ടാപകൽ വീട് തകർത്ത് സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന സംഭവത്തിൽ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് തൃശൂർ പൊലീസിന്റെ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നും സാഹസികമായി പിടിയിലായത്. കഴിഞ്ഞ ആറിനാണ് പ്രതികൾ തൃശൂർ പടിഞ്ഞാറെകോട്ട അടിയാട്ട് ലൈനിലുള്ള വീട് തകർത്ത് വൻ കൊള്ള നടത്തിയത്. വീടിന്റെ വരാന്തയിലെ പുല്ലു കൊണ്ടുള്ള ചിക്ക് പൊളിച്ച പ്രതികൾ, മരം കൊണ്ടുള്ള മെയിൻ വാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. തുടർന്ന് മെയിൻ ഹാളിലെ സൈഡ് റൂമിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയിൽ നിന്നാണ് വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. സ്വർണാഭരണങ്ങൾ (6 പവൻ), മൂന്നേകാൽ പവൻ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണമാല, ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ നെക്ലെസ്, കാൽ പവൻ തൂക്കം വരുന്ന സ്വർണ മോതിരം, അര പവൻ തൂക്കം വരുന്ന ഒരു ജോഡി കമ്മൽ, രണ്ട് ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ജോഡി കമ്മലുകൾ എന്നിവയും, വെള്ളിയുടെ ഒരു മാലയും നെക്‌ലസും ഒരു ജോഡി കമ്മലും പോയി. ഓടിന്റെ രണ്ട് കിണ്ടികളും ഒരു ഉരുളിയും നഷ്ടമപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. പട്ടാപകൽ നടന്ന ഈ വൻ കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം അവിടെയെത്തി ഇവരെ സാഹസികമായി പിടികൂടിയത്.