പ്രായമുള്ള ആളോട് വഴക്ക് കൂടുകയാണെന്ന് തെറ്റിദ്ധാരണയിൽ ഓടിയെത്തിയ പൊലീസ്, സംഭവമെന്തെന്ന് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ യുവാവിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 

തിരുവനന്തപുരം: മരണ വീട്ടില്‍ പിതാവിനോട്, മകന്‍ കയര്‍ത്ത് സംസാരിക്കുന്നത് കേട്ട് സംഘര്‍ഷമാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ബലപ്രയോഗത്തിലൂടെ മകനെ കസ്റ്റഡിയിലെടുത്തു. മതില്‍ ചാടിക്കടന്നാണ് പൊലീസ് വീട്ടില്‍ കയറി യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് അതിക്രമം മൊബൈല്‍ പകര്‍ത്തിയ ഫോണുകള്‍ പിടിച്ച് വാങ്ങിയ പൊലീസ് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. യുവാവിനെ പൊലീസ് റിമാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും കോടതി ജാമ്യം നൽകി വിട്ടയച്ചു.

തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം ആയയിൽ ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകുന്നതിനിടയിൽ പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയിൽ മധുവിന്‍റെ മകൻ അരവിന്ദിനെയാണ് (22) വ്യാഴാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചതായും വലിച്ചിഴച്ചതായും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയയിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷങ്ങൾ നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

ക്ഷേത്ര ഘോഷയാത്രയ്ക്കിടയിലും ചെറിയ തോതിൽ അക്രമങ്ങളുണ്ടായി. തുടർന്ന് കൂട്ടം കൂടി നിന്നവരെയൊക്കെ പൊലീസ് വിരട്ടിയോടിച്ചു. ക്ഷേത്ര ഘോഷയാത്രയ്ക്കിടയിലെ സംഘര്‍ഷത്തെ കുറിച്ചറിഞ്ഞ മധു, മകൻ അരവിന്ദിനോട് വീട്ടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉത്സവത്തിൽ പങ്കെടുക്കാൻ തയാറെടുത്ത മകൻ പിതാവിനോട് കയർത്തു. ഈ സമയം ഇതുവഴി പോയ പൊലീസ് യുവാവ്, പ്രായമുള്ള ആളോട് വഴക്ക് കൂടുകയാണെന്ന് തെറ്റിദ്ധാരണയിൽ ഓടിയെത്തുകയും സംഭവമെന്തെന്ന് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ യുവാവിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 

എന്നാൽ, അരവിന്ദ് കുതറി മാറാൻ ശ്രമിച്ചതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയിൽ ഗേറ്റിൽ ഇടിച്ച് ഒരു പൊലീസുകാരന്‍റെ നെറ്റിയിൽ പരുക്കേറ്റതായും ബന്ധുക്കൾ പറഞ്ഞു. എന്നാല്‍, അരവിന്ദ് കല്ല് എടുത്ത് ഇടിച്ചതാണെന്ന ആരോപിച്ച പൊലീസ് കൂടുതൽ പൊലീസിനെ വിളിച്ച് വരുത്തിയതോടെ ഭയന്നുപോയ വീട്ടുകാർ അരവിന്ദിനെ വീട്ടിനുള്ളിലേക്ക് മാറ്റി. 

ഇതോടെ വീടിനുള്ളിൽ കയറി യുവാവിനെ പിടിക്കാനായി പൊലീസിന്‍റെ ശ്രമം. കഴിഞ്ഞ ദിവസം മരണം നടന്ന വീടാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറച്ച് പൊലീസുകാർ വീടിന്‍റെ മതിൽ ചാടിക്കടന്നും കുറച്ചു പേർ പിന്നിലൂടെയും വീടിനുള്ളിലേക്ക് ഇരച്ചു കയറി. ഇതിനിടെ പൊലീസുകാരെ തടയാൻ ശ്രമിച്ച വയോധികരായ ബന്ധുക്കൾ നിലത്തു വീണു. അരവിന്ദന്‍റെ സഹോദരി പ്ലസ് വൺ വിദ്യാർഥിനിക്കും ഇതിനിടെ മർദനമേറ്റു. പിന്നീട് ഡിവൈഎസ്പി എത്തി അരവിന്ദിനെ വീട്ടിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 

അരവിന്ദിന്‍റെ പിതാവ് നടന്ന സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെങ്കിലും പൊലീസ് ഫോൺ പിടിച്ചു വാങ്ങി ദൃശ്യങ്ങൾ നശിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് യുവാവിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. അരവിന്ദിന്‍റെ പേരിലോ കുടുംബത്തിൽ ആരുടെയെങ്കിലും പേരിലോ ഒരു പെറ്റിക്കേസ് പോലുമില്ലെന്നും അതിക്രമം കാട്ടിയ പൊലീസുകാരെ ശിക്ഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം തങ്ങളെ ആക്രമിച്ച യുവാവിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് ആരോപിച്ചു. തങ്ങൾ ചെയ്തത് തങ്ങളുടെ ഡ്യൂട്ടി മാത്രമാണെന്നും മരണ വീടായിരുന്നു അതെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.