മുന്‍ കഞ്ചാവ് കേസിലെ പ്രതി  27.5 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിൽ

തിരുവനന്തപുരം: മുന്‍ കഞ്ചാവ് കേസിലെ പ്രതി 27.5 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിൽ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍ ഷിബു തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം സ്വദേശി 23-കാരൻ ജി.എസ് വിഷ്ണുവാണ് പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി നാഗര്‍കോവില്‍ ബസ് സ്റ്റാൻഡിൽ ഇറങ്ങി തിരുവനന്തപുരത്തേയ്ക്ക് മറ്റൊരു ബസില്‍ കയറി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് ഇയാൾ വലയിലാകുന്നത്. തമ്പാനൂര്‍ സിഐ പ്രകാശിന്റെ സാന്നിധ്യത്തിൽ എക്‌സൈസ് സിഐ ബി.എല്‍. ഷിബു പ്രതിയുടെ ദേഹപരിശോധ നടത്തി. ദേഹ പരിശോധനയുടെ ഭാഗമായി പാന്റ്‌സിന്റെ പോക്കറ്റും പരിശോധിച്ചു. ആദ്യ പരിശോധനയിൽ തന്നെ സിഗരറ്റ് കവർ കിട്ടി വിശദമായി പരിശോധിച്ചപ്പോഴാണ് കവറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. 

ഇയാള്‍ ബാംഗ്ലൂര്‍ നാഗര്‍കോവില്‍ ദീര്‍ഘദൂര വോള്‍വോ ബസില്‍ ക്ലീനറാണ്. ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ചു കച്ചവടം നടത്തിവരുന്നു. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, നന്ദകുമാര്‍, പ്രബോധ്, ആരോമല്‍രാജന്‍, അക്ഷയ് സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Read more:  ഓസ്ട്രേലിയയിൽ ജോലിയുള്ള യുവതിയെ ഫേസ്ബുക്ക് പരിചയം, വീട്ടിലെത്തി വിവാഹാലോചന, ലൈംഗിക പീഡനം, ലക്ഷങ്ങളും തട്ടി

അതേസമയം, ചേർത്തലയിൽബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. 

റോഡരികിൽ ബൈക്കുമായി നിൽക്കുകയായിരുന്ന ചേർത്തല സ്വദേശിയായ ദിലീപ്, ആഷിക്കിനെയും സുജിത്തിനെയും അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇരുവരും ചേർന്ന് ഹെൽമറ്റ് കൊണ്ട് മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. പരാതിയെത്തുടർന്ന് പ്രതികളായ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് പരിസരത്തുനിന്നും പൊലീസ് പിടികൂടി. ചേർത്തല എസ്ഐ വി. സി. അനൂപ്, എ രംഗപ്രസാദ്, സതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം