ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന മൊഴി നൽകി നൗഷാദിന്റെ ഭാര്യ അഫ്സാന പൊലീസിനെ വട്ടംകറക്കിയിരുന്നു

തൊടുപുഴ: കേരളമാകെ ചർച്ച നൗഷാദ് തിരോധാന കേസിന് അന്ത്യം കുറിച്ചത് തൊടുപുഴയിലെ പൊലീസുകാരൻ ജയ്മോൻ. തൊടുപുഴയിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും നാലര കിലോമീറ്റർ അകലെയാണ് നൗഷാദ് ആരോരുമറിയാതെ താമസിച്ചിരുന്നത്. ഇന്നലെ കേസ് വൻ വിവാദമായതോടെ നൗഷാദ് തൊടുപുഴയിൽ ഉണ്ടെന്ന വിവരം ജയ്മോനാണ് ആദ്യം കിട്ടിയത്.

ബന്ധുവായ ഒരാളാണ് നൗഷാദിനെ ഒരു ചായക്കടയിൽ വച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. ഇക്കാര്യം അന്വേഷിക്കാൻ ജയ്മോൻ തീരുമാനിച്ചു. മറ്റ് പൊലീസുകാരെ ബന്ധപ്പെടും മുൻപ് വിവരം സ്ഥിരീകരിക്കാൻ നൗഷാദിനെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തേക്ക് ജയ്മോൻ ഒറ്റയ്ക്ക് പുറപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ നൗഷാദിനെ നേരിട്ട് ജീവനോട് കണ്ടെത്താൻ ജയ്മോന് കഴിഞ്ഞു. വിവരം ഒന്നുകൂടി നൗഷാദിന്റെ വീട്ടുടമസ്ഥനോട് കൂടി സ്ഥിരീകരിച്ച ശേഷമാണ് ജയ്മോൻ തൊടുപുഴ പൊലീസിലെ ഉന്നതരെ ബന്ധപ്പെട്ടത്. ഇതോടെയാണ് കേസന്വേഷണം വൻ വഴിത്തിരിവിലെത്തിയത്.

Read More: ഭയന്നിട്ടാണ് വീട് വിട്ടത്: കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന മൊഴി നൽകി നൗഷാദിന്റെ ഭാര്യ അഫ്സാന പൊലീസിനെ വട്ടംകറക്കിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് ഏറെ വിയർപ്പൊഴുക്കി. കേസിൽ എങ്ങുമെങ്ങും എത്താതെ വട്ടംചുറ്റിപ്പോയ അവസ്ഥയിലാണ് തൊടപുഴയിലെ പൊലീസുകാരൻ ജയ്മോൻ കേസിൽ നിർണായക ട്വിസ്റ്റുമായി അവതരിച്ചത്.

താൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പറഞ്ഞ് ഭാര്യ കൂട്ടിക്കൊണ്ടുവന്ന ചിലർ മർദ്ദിച്ചതിനെ തുടർന്നാണ് നാടുവിട്ടതെന്നാണ് നൗഷാദിന്റെ മൊഴി. ഒന്നര വർഷമായി തൊടുപുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂലിപ്പണിയെടുത്താണ് നൗഷാദ് കഴിഞ്ഞിരുന്നത്. കൈയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. സൗഹൃദങ്ങൾ തൊടപുഴയിൽ മാത്രമൊതുങ്ങി. ബന്ധുക്കളെ അങ്ങോട്ട് ബന്ധപ്പെടുകയോ ആരും തിരക്കി തൊടുപുഴയിലെത്തുകയോ ചെയ്തില്ല. കൊലപ്പെടുത്തിയെന്ന അഫ്സാനയുടെ മൊഴിയിൽ പൊലീസ് തകൃതിയായി അന്വേഷണം നടത്തിയപ്പോഴാണ് ആരോരുമറിയാതെ തൊടപുഴയിൽ കഴിഞ്ഞിരുന്ന നൗഷാദ് പതിയെ പൊങ്ങിവന്നത്.

Read More: ​​​​​​​വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തി, കൊന്നുവെന്ന ഭാര്യയുടെ മൊഴികളും കളവ്

വീടുവിട്ടത് ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതു കൊണ്ടെന്ന് നൗഷാദ്