35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്.

കൊല്ലം: തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിക്കിട്ടിയ പ്ലാസ്റ്റിക് ടിൻ തുറന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഞെട്ടി. ടിന്നിൽ നിറയെ വെള്ളി ആഭരണങ്ങൾ. 35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ ലഭിച്ചത്. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഇവർ വാർഡ് അംഗത്തെ സംഗതി അറിയിക്കുകയും വാർഡംഗം പൂയപ്പള്ളി പൊലീസിൽ വിവരമറിയികുകയുമായിരുന്നു. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എനും പരിശോധിക്കുന്നു.ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം