: കരിയിക്കുളങ്ങര മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തി
കായംകുളം: കരിയിക്കുളങ്ങര മത്സ്യമാർക്കറ്റിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മത്സ്യ തൂക്കത്തിൽ കുറവ് വരുത്തി വിൽപ്പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗൽ മെട്രോളജി വകുപ്പ് കരിയിലക്കുളങ്ങര പൊലീസ് എന്നിവയുടെ സംയുക്ത പരിശോധന നടത്തിയത്.
പരിശോധനയിൽ മുദ്ര പതിപ്പിക്കാത്തതും കൃത്യത ഇല്ലാത്തതുമായ ത്രാസുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ ത്രാസുകൾ പിടിച്ചെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 12,000 രൂപ പിഴയിടാക്കുകയും ചെയ്തു. സമീപത്തെ പച്ചക്കറി സ്റ്റാളുകളിലും ലീഗൽ മെട്രോളജി പരിശോധന നടത്തി.
ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ആർ ജയലക്ഷ്മി, പി പ്രവീൺ, കരിയിലകുളങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ എസ് സുരേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻറ്മാരായ കെ വി വിജേഷ് കുമാർ, എസ് പ്രേംകുമാർ, സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
