പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ച കേസിൽ യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഓച്ചിറ രാധാഭവനത്തിൽ അമ്മിണി (രാഹുൽ -28), കൊല്ലം തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പതിനേഴ് വയസ് മാത്രം പ്രായമുള്ള ഓച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ വൈഫൈ കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാറിൽ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്.

Read more: ബൈക്ക് പാർക്കിങ്ങിൽ നിർത്തി, ഹെൽമെറ്റിട്ട് അകത്തേക്ക്, ബാങ്കിനുള്ളിൽ 5 മിനുട്ട്, കൊള്ളയടിച്ചത് ലക്ഷങ്ങൾ!

അതേസമയം, കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസിൽ ഡാൻസ് മാസ്റ്റർ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. നാല് വർഷം മുൻപും സമാനമായ കേസിൽ ഇയാൾ പിടിയിലായിരുന്നു. 12 വയസുകാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്കൂൾ വഴി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

വിവരമറിഞ്ഞ് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ അടക്കം കുട്ടികളെ വർഷങ്ങളായി ഡാൻസ് പഠിപ്പിക്കുന്നയാളാണ് സുനിൽ കുമാർ. 2019 ലും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് കേസെടുത്തത് പാങ്ങോട് പൊലീസായിരുന്നു.

ആ കേസിൽ റിമാന്റിലായിരുന്ന ഇയാൾ 60 ദിവസം ജയിലിൽ കഴിഞ്ഞു. ഇതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. ഈ വിവരം അറിയാതെയാണ് ഇയാളുടെ അടുത്തേക്ക് മക്കളെ മാതാപിതാക്കൾ ഡാൻസ് പഠിപ്പിക്കാൻ അയച്ചത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം