കഴിഞ്ഞ മാര്‍ച്ച് 14ന് വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. മുമ്പ് സുഹൃത്തുക്കളായിരുന്ന പ്രതികളും ലിനോ ബാബുവും മദ്യലഹരിയില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതികള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് ലിനോയെ മര്‍ദിച്ചു.

നെടുങ്കണ്ടം: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ ചേമ്പളം സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം റേഞ്ച് ഐജിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചേമ്പളം മുള്ളുകാലായില്‍ ഷാരോണ്‍ (30), ചേമ്പളം മഠത്തില്‍വീട്ടില്‍ ദിപിന്‍ (31), വട്ടപ്പാറ പുളിമൂട്ടില്‍ വീട്ടില്‍ സോനു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേമ്പളം മരുതുങ്കല്‍ ലിനോ ബാബു (30) വിന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മാര്‍ച്ച് 14ന് വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. മുമ്പ് സുഹൃത്തുക്കളായിരുന്ന പ്രതികളും ലിനോ ബാബുവും മദ്യലഹരിയില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതികള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് ലിനോയെ മര്‍ദിച്ചു. പരുക്കേറ്റ ലിനോയെ നാട്ടുകാർ ചേര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലിനോ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടർന്ന് ഷാരോണിനെയും മറ്റ് രണ്ട് പ്രതികളെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

എന്നാല്‍ പരാതിക്കാരന്‍ പട്ടികജാതി വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ താമസം നേരിട്ടതിനാല്‍ ആവശ്യപ്പെടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട് കേസില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലിനോ എറണാകുളം റേഞ്ച് ഐജിയെ സമീപച്ചതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷാരോണ്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ഇയാള്‍ക്കെതിരെ കാപ്പ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.