ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്.
കൊച്ചി : എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ മരിച്ചു. ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്. ആലുവ അമ്പാട്ടുകാവിൽ മിനി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തിൽ തൃശൂർ തലോർ സ്വദേശി ബെജോസ്റ്റിനാണ്(22) മരിച്ചത്. ആലുവ പുളിഞ്ചോട്ടിൽ ബൈക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പെരുമ്പാവൂർ വല്ലം സ്വദേശി കുഞ്ഞുമുഹമ്മദും (52) മരിച്ചു.
ഇടപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയും മരിച്ചു. ഇടപ്പള്ളി സ്വദേശിനി ബീന വർഗീസാണ് മരിച്ചത്. മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിച്ച വിവരം.
അതേ സമയം, മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. ദീപാവലി അവധിക്കായി ഹൈദരാബാദില്‍നിന്നും ഉത്തർ പ്രദേശിലെ ഗൊരഖ് പൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 50 പേർക്ക് പരിക്കേറ്റു. 19 പേരുടെ നില ഗുരുതരമാണ്, ഇവരെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാർ എല്ലാവരും ഉത്തർപ്രദേശ് സ്വദേശികളാണ്. രേവ ജില്ലയിലെ സുഹാഗി പഹാരിയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. മുന്നിലുണ്ടായിരുന്ന ട്രക്കുകൾ കൂട്ടിയിടിച്ചപ്പോൾ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെതുടർന്ന് മറിയുകയായിരുന്നു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവർ അതീവ ദുഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപയുമാണ് നല്‍കുക.
