13 പൊതികളിലായി കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. 13 പൊതികളിലായി കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

അതേസമയം, മറ്റൊരു സംഭവത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിയ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണ പാക്കേജിംഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മുമ്പും സിബിൻ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

View post on Instagram

കഴിഞ്ഞ ദിവസം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ കട്ടപ്പനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.53 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടയം കോതനല്ലൂർ സ്വദേശി അനിരുദ്ധൻ(30 വയസ്) എന്നയാളാണ് പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ് കുമാര്‍.കെ.വി യുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, ബിനോയ്‌.കെ.ജെ, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, സിറിൽ ജോസഫ്, ആകാശ് മോഹൻദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ മരിയ എബ്രഹാം എന്നിവർ സംഘത്തിലുണ്ടായിരുന്നു.