കൊല്ലം: കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു. തമിഴ്നാട് നാഗർകോവിൽ സ്വദേശി സെൽവരാജ് (49), മക്കളായ ശരവണൻ (20), വിഘ്‌നേശ് (17) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. 

ദേവീക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ ഇവർ മുങ്ങി താഴുകയായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും മൂവരെയും കാണാത്തതിനെ തുടർന്ന് ഭാര്യയും നാട്ടുകാരും അന്വേഷിച്ച് എത്തിയപ്പോഴാണ് മുങ്ങി മരിച്ചത് അറിയുന്നത്. തുടർന്ന് പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ കുടുംബ സമേതം കടയ്ക്കലിലെ ബന്ധു വീട്ടിൽ എത്തിയത്.