നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരച്ചക്കുളം വനമേഖലയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി.

തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കോട്ടാർ സ്വദേശി യോഗേഷ് കുമാർ (32) ആണ് പിടിയിലായത്. ഉത്സവ സ്ഥലങ്ങളിൽ കച്ചവടത്തിനെത്തുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോകാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി പെട്ടന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.

രക്ഷിതാക്കളുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശത്തെ സിസി. ടിവികൾ പരിശോധിച്ചതോടെ പ്രതി കുട്ടിയുമായി ഓട്ടോയിൽ പോകുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാഗർകോവിലിനടുത്തുള്ള ഇരച്ചക്കുളം വനമേഖലയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പിന്നീട്, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.