മദ്യലഹരിയിൽ പ്രതികൾ എത്തിയ ഓട്ടോറിക്ഷ പരിശോധിച്ച മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഇറക്കിയപ്പോഴായിരുന്നു എസ്ഐക്ക് നേരെയുള്ള കയ്യേറ്റം.

കൊല്ലം: കൊല്ലം കുന്നിക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും പൊലീസുകാരനെയും ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മദ്യലഹരിയിൽ പ്രതികൾ എത്തിയ ഓട്ടോറിക്ഷ പരിശോധിച്ച മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഇറക്കിയപ്പോഴായിരുന്നു എസ്ഐക്ക് നേരെയുള്ള പ്രതികളുടെ കയ്യേറ്റം.

കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപം ഉച്ചയോട് കൂടി മദ്യപിച്ച് ഓട്ടോറിക്ഷയിൽ അലക്ഷ്യമായി വരികയായിരുന്നു മൂന്നംഗ സംഘം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചു. പ്രകോപിതരായ യുവാക്കൾ എ എം വി ഐ അമൽ ലാലിനെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പൊലീസ് പ്രതികളായ അനസ് , സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് എസ് ഐയെ പ്രതികളിൽ ഒരാളായ അനസ് ആക്രമിച്ചത്. അനസും സാബുവും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.