അർജുൻ ആയങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
തൃശൂർ: വനിതാ ടിക്കറ്റ് പരിശോധകയോട് മോശം ആയി പെരുമാറുകയും ആക്രമിക്കുകയും ചെയ്‌തെന്ന കേസിൽ സ്വർണ കടത്തു കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അർജുൻ ആയങ്കിയോട് തൃശൂർ ജെ എഫ് എം സി കോടതിയിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളിൽ മുൻപും പ്രതി ആയിട്ടുള്ള അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്താൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്.
അതേസമയം പ്രതിഭാഗ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയിൽ വാദിച്ചു. കൗണ്ടർ കേസാണ് നൽകിയതെന്നതടക്കമുള്ള വാദങ്ങളാണ് അർജുൻ ആയങ്കയുടെ അഭിഭാഷകൻ വാദിച്ചത്. 'സ്ലീപ്പർ കോച്ചിൽ താൻ അറിയാതെ കയറി പോയത് ആണ്, മദ്യ ലഹരിയിൽ ആയിരുന്ന മധു എന്ന ടി ടി ആണ് തന്നെ ആദ്യം പരിശോധിച്ചത്. ബഹളത്തിനിടെ മധു തന്നെ മർദിച്ചു, പിന്നാലെ എത്തിയ വനിതാ ടിക്കറ്റ് പരിശോധകയും മോശമായി പെരുമാറി, റെയിൽവേ കംപ്ലയിന്റ് അതോറിറ്റിയിക്കും പരാതി നൽകി. ഇതിനെതിരേ ഉള്ള കൗണ്ടർ കേസാണ് നിലവിലുള്ളത് - എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ കോടതിയിലെ വാദം.
എന്നാൽ അതിക്രമം നടത്തിയതിന് വ്യക്തമായ സാക്ഷി മൊഴികൾ ഉണ്ടെന്നാിരുന്നു മറു ഭാഗം അറിയിച്ചത്. പ്രതിക്ക് സമൂഹത്തിൽ ഉന്നത സ്വാധീനം ഉണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യം നിഷേധിക്കുക ആയിരുന്നു. ജനുവരി പതിനാലിന് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം നടന്നത്. സെക്കൻഡ് ക്ലാസ്സ് ടിക്കറ്റിൽ ഗാന്ധിധം എക്സ്പ്രെസിലെ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തപ്പോൾ അർജുൻ അപമാര്യാദയായി പെരുമാറുകയും, ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ആദ്യം കോട്ടയം റെയിൽവേ പൊലീസ് ആണ് കേസ് എടുത്തത്. സംഭവം നടക്കുമ്പോൾ ട്രെയിൻ തൃശ്ശൂർ ആയതിനാൽ കേസ് തൃശ്ശൂരിലേക്ക് കൈമാറുക ആയിരുന്നു. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം തൃശ്ശൂർ സബ്ജയിലിലേക്ക് കൊണ്ടുപോയി.

