പെട്രോൾ അടിക്കാനായി ഷാന നൽകിയ 500 ന്‍റെ നോട്ട്, കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞ പമ്പിലെ ജീവനക്കാരി ഇത് ചോദ്യം ചെയ്തതോടെ കള്ളനോട്ട് പിടിച്ചുവാങ്ങി ഇവർ രക്ഷപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാരി വാഹനത്തിന്റെ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറി

തൃശൂർ: തൃശൂർ കുന്നംകുളം കേച്ചേരി കള്ളനോട്ട് കേസിൽ ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ്. രണ്ടാം പ്രതിയായ യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയത്. മഞ്ചേരി പാലക്കുളം സ്വദേശി ഷാനയാണ് കുന്നംകുളം പൊലീസിന്‍റെ പിടിയിലായത്. ഒന്നാം പ്രതി കേച്ചേരി സ്വദേശി ജാബിറിന്റെ സഹോദരന്‍റെ ഭാര്യയാണ് ഷാനയെന്ന് പൊലീസ് വ്യക്തമാക്കി. പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ഷാന നൽകിയ 500 ന്റെ നോട്ടിൽ പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. ഷാന നൽകിയത് കള്ളനോട്ട് ആണെന്ന് മനസ്സിലാക്കിയ പെട്രോൾ പമ്പിലെ ജീവനക്കാരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.

പമ്പ് ജീവനക്കാരിയുടെ ഇടപെടൽ നിർണായകമായി

പെട്രോൾ അടിക്കാനായി ഷാന നൽകിയ 500 ന്‍റെ നോട്ട്, കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞ പമ്പിലെ ജീവനക്കാരി ഇത് ചോദ്യം ചെയ്തതോടെ കള്ളനോട്ട് പിടിച്ചുവാങ്ങി ഇവർ രക്ഷപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാരി വാഹനത്തിന്റെ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാബിറിലേക്ക് പൊലീസ് എത്തുന്നത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ജാബിർ ആറുമാസം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്

500, 200, 100 രൂപകളുടെ കള്ളനോട്ടുകൾ

500, 200, 100 രൂപകളുടെ കള്ളനോട്ടാണ് എ ഫോർ ഷീറ്റും പ്രിന്ററും ഉപയോഗിച്ച് പ്രതികൾ കളറിൽ പ്രിൻറ് എടുത്തിട്ടുള്ളത്. മൊത്തം 40000 ത്തോളം രൂപയുടെ കള്ളനോട്ട് ആണ് ഇവിടെ നിന്നും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഷാനയെ പെട്രോൾ പമ്പ് ജീവനക്കാരി തിരിച്ചറിഞ്ഞതോടെ ഒന്നാംപ്രതി ജാബിർ ഒളിവിൽ പോയി. അറസ്റ്റ് ചെയ്ത ഷാനയെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ജാബിറിനെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് പൊലീസ് പങ്കുവച്ചത്.