മോഷണം നിര്‍വഹിച്ച ശേഷം സ്ഥലം വൃത്തിയാക്കുകയും തെളിവുകള്‍ യാതൊന്നും അവശേഷിപ്പിയ്ക്കാത്തതും ഇയാളുടെ ശീലമാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് എക്‌സിക്യൂട്ടീവ് ലുക്കിലാണ് നടപ്പ്

തൃശൂര്‍: കരുനാഗപ്പിള്ളിയിലെ മോഷണവീരന്‍ നജുമുദ്ദിനെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കടകളും വീടുകളും അതിവിദഗ്ദമായി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന കരുനാഗപ്പിള്ളി പടിഞ്ഞാറ്റയില്‍ വീട്ടില്‍ നജ്ജു എന്ന തസ്‌കരവീരനാണ് പഴയന്നൂരില്‍വച്ച് പൊലീസ് പിടിയിലായത്. തെളിവ് അവശേഷിപ്പിക്കാതെ മോഷണം നടത്താനും എളുപ്പത്തില്‍ രക്ഷപ്പെടാനും കഴിയുന്നതിനാല്‍ കള്ളന്മാരിലെ പ്രൊഫസര്‍ എന്നാണ് നജ്ജു അറിയപ്പെട്ടിരുന്നത്. 

ഒട്ടേറെ ക്ഷേത്രങ്ങള്‍, ആളില്ലാ വീടുകള്‍, വന്‍കിട ഷോപ്പുകള്‍ എന്നിവ കൊള്ളയടിച്ചതായി പൊലീസിനോട് ഇയാള്‍ സമ്മതിച്ചു. നൈറ്റ് പട്രോളിംഗിനിടയില്‍ സംശായസ്പദമായി ബാഗില്‍ ലാപ്‌ടോപ്പും സ്‌ക്രൂഡ്രൈവറും സഹിതമാണ് പ്രതിയെ പഴയന്നൂരില്‍ കണ്ടെത്തിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സ്വമേധയാ സമ്മതിയ്ക്കുകയായിരുന്നു. പല പ്രമാദ കേസുകളിലും ജയിലിലായിരുന്ന പ്രതി ജാമ്യമെടുത്ത് മുങ്ങി പഴയന്നൂരില്‍ കള്ളപ്പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

2014 ല്‍ വിദേശത്തുനിന്നും നാട്ടിലെത്തിയ ഇയാള്‍ ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തെക്കന്‍ കേരളത്തിലെ കിള്ളികൊല്ലൂര്‍, ശൂരനാട്, കുണ്ടറ, കൊട്ടിയം, ചവറ, ഇരവിപുരം, ഹരിപ്പാട്, മാവേലിക്കര, കായകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി കേസുകളുണ്ട്. പല കേസുകളിലും പിടികിട്ടാപ്പുള്ളിയാണിയാള്‍. ചാലക്കുടി ഭഗവതി ക്ഷേത്രം, പഴയന്നൂര്‍ വടക്കേത്ര അമ്പലം, ആലപ്പുഴ കലവൂര്‍ ക്ഷേത്രം, കണ്ണാടി കൊറ്റികുളങ്ങര അമ്പലം എന്നിവിടങ്ങളിലെ ഭണ്ഡാരവും ഓഫീസും കുത്തി തുറന്ന് സ്വര്‍ണ്ണതാലികളും മാലയും പണവും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. പുറമെ നിന്നും താഴിട്ടുപൂട്ടിയിട്ട ഗെയ്റ്റുകള്‍ കാണുമ്പോഴാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷണം നിര്‍വഹിച്ച ശേഷം സ്ഥലം വൃത്തിയാക്കുകയും തെളിവുകള്‍ യാതൊന്നും അവശേഷിപ്പിയ്ക്കാത്തതും ഇയാളുടെ ശീലമാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് എക്‌സിക്യൂട്ടീവ് ലുക്കിലാണ് നടപ്പ്. പകല്‍ മാന്യനായി നടക്കുന്നതിനാല്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

പഴയന്നൂര്‍, ചങ്ങരകുളം, വാടനാപ്പിള്ളി, ആലപ്പുഴ, കൊല്ലം വെസ്റ്റ് എന്നിവിടങ്ങളില്‍ മോഷണകേസുകളും, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, കുഴല്‍മന്ദം, ആലപ്പുഴ, കലവൂര്‍, അങ്കമാലി എന്നിവിടങ്ങളിലെ കേസുകളില്‍ പിടികിട്ടാപുള്ളിയുമാണ്. അങ്കമാലി ജംഗ്ഷനിലുള്ള ആമേയ്‌സ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനം കുത്തിതുറന്ന് ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും വടക്കാഞ്ചേരി കൃഷി ഓഫീസ് കുത്തിതുറന്ന് ബൈനോക്കുലറും ടാബും മോഷ്ടിച്ചു. നെന്മാറ, ആലത്തൂര്‍ ഒറ്റപ്പാലം എന്നിവിടങ്ങളിലെ വീടുകളില്‍ നിന്ന് ആഭരണങ്ങളും, പണവും മോഷണം നടത്തിയിട്ടുള്ളതാണ് ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഓഫീസ് കുത്തി തുറന്ന് മോഷണം നടത്തുന്നതിനിടയില്‍ സിസിടിവിയില്‍ തന്റെ പ്രതിരൂപം തെളിഞ്ഞുവെന്ന് മനസിലാക്കി ഹാര്‍ഡ് ഡിസ്‌കും ഇയാള്‍ കവര്‍ന്നു.

സിറ്റി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് എസിപി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ശ്യാം, എസ്‌ഐ ഇ ബാബു, എഎസ്‌ഐമാരായ രാജന്‍, എ എ ബെന്നി, പൊലീസുകാരായ സുരജ് കെ, ലിന്റോ ദേവസി, കെ ആര്‍ പ്രദീപ്കുമാര്‍, കെ ബി ഭാഗ്യനാഥ്, സൂബീര്‍ കുമാര്‍, പി കെ ഷൈജു, ഡിജോ വാഴപ്പിള്ളി, സുബിന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.