സുല്‍ത്താന്‍ബത്തേരിയിലെ ആനിമൽ ഹോസ്‌പൈസ് വന്യജീവി പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന WYN-5 എന്ന കടുവ ചത്തു. പതിനേഴ് വയസ്സുണ്ടായിരുന്ന കടുവയെ രണ്ട് വര്‍ഷം മുന്‍പ് പരിക്കുകളോടെ പിടികൂടി പരിചരിച്ച് വരികയായിരുന്നു. 

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്‌പൈസില്‍ (വന്യജീവി പരിചരണ കേന്ദ്രം)പരിചരിച്ചിരുന്ന കടുവ ചത്തു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിന് തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്. ഡബ്ല്യൂ വൈഎന്‍-5 എന്ന് വനംവകുപ്പിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന കടുവക്ക് പിടികൂടുമ്പോള്‍ പതിനഞ്ച് വയസിനടുത്ത് പ്രായമുണ്ടായിരുന്നു. രണ്ട് വര്‍ഷം കേന്ദ്രത്തില്‍ പരിചരിച്ചതിന് ശേഷം പതിനേഴാം വയസിലാണ് ജീവന്‍ നഷ്ടമാകുന്നത്. പിടികൂടുമ്പോള്‍ തന്നെ നാല് കോമ്പല്ലുകളും നഷ്ടപ്പെടുകയും തുടയുടെ മേല്‍ഭാഗത്തായി വലിയ മുറിവുമുണ്ടായിരുന്നു. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു. കാഴ്ച്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നല്‍കിയാല്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതിനാല്‍ സ്‌ക്യൂസ്‌കേജില്‍ പാര്‍പ്പിച്ച് മരുന്നും ഭക്ഷണവും നല്‍കി വരികയായിരുന്നു.

വെള്ളം കുടിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമൊക്കെ വലിയ തോതില്‍ വിമുഖത കാണിച്ചതോടെ കഴിഞ്ഞ നാല് മാസങ്ങളായി കടുവയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ രക്ത പരിശോധനയില്‍ കടുവയുടെ കിഡ്‌നിക്കും ലിവറിനും പരിഹരിക്കാനാവാത്ത വിധമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. മുന്‍പ് തന്നെ ഉണ്ടായിരുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്നു. ഇതോടെ കടുവയുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം നിരന്തരം വിലയിരുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കി വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ജീവന്‍ നഷ്ടപ്പെട്ടത്.

സാധാരണ നിലയില്‍ വന്യമായ പരിസരങ്ങളില്‍ ആണ്‍ കടുവകള്‍ 12-13 വയസ്സ് വരെയും പെണ്‍ കടുവകള്‍ 13-15 വയസ്സ് വരെയും ജീവിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ കടുവകള്‍ ഉണ്ടെങ്കില്‍ ടെറിട്ടറികള്‍ സംരക്ഷിക്കാന്‍ പരസ്പരം പോരാടുമ്പോഴും വേട്ടയാടുന്നതിനിടയിലും പരിക്ക് പറ്റി ആ പ്രായമാവുമ്പോഴേക്കും മരണപ്പെടുകയാണ് പതിവ്. എന്നാല്‍ അടച്ചിട്ട് വളര്‍ത്തുമ്പോള്‍ ശരാശരി 18 വയസ്സ് വരെ ജീവിക്കാറുണ്ട്.

പരിക്ക് പറ്റിയതും ജനങ്ങള്‍ക്ക് ഭീഷണിയാവുന്നതുമായ കടുവകളെയും പുലികളെയും പരിചരിക്കുന്നതിനാണ് 2022 ഫെബ്രുവരിയില്‍ കേരളത്തിലെ ആദ്യത്തെ ആനിമല്‍ ഹോസ്‌പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ബത്തേരിക്കടുത്തുള്ള കുപ്പാടിയില്‍ സ്ഥാപിച്ചത്. പരിചരണം തുടങ്ങിയതില്‍ ആദ്യമായാണ് ഒരു വന്യജീവി ഇവിടെ മരിക്കുന്നത്.