കുനിയില്‍ മുടിക്കപ്പാറയില്‍ ഉപയോഗശൂന്യമായ ക്വാറിയിലാണ് രാത്രിയുടെ മറവില്‍ ആശുപത്രി മാലിന്യം അടക്കമുള്ള ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയത്.

കോഴിക്കോട്: ആശുപത്രിയില്‍ നിന്നുള്ളവ ഉള്‍പ്പെടെ ലോഡ് കണക്കിന് മാലിന്യം ജനവാസ മേഖലയില്‍ തള്ളിയതായി പരാതി. കോഴിക്കോട് കീഴുപറമ്പ് പഞ്ചായത്തിലാണ് നാട്ടുകാരെ ദുരിതത്തിലാക്കിയ പ്രവൃത്തി നടന്നത്. ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. മാലിന്യം തള്ളിയവരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കുനിയില്‍ മുടിക്കപ്പാറയില്‍ ഉപയോഗശൂന്യമായ ക്വാറിയിലാണ് രാത്രിയുടെ മറവില്‍ ആശുപത്രി മാലിന്യം അടക്കമുള്ള ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയത്. ക്വാറിക്ക് സമീപം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി സമീപത്തെ കിണറുകളിലേക്കും ജലാശയങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതര്‍ക്ക് പുറമേ പോലീസ് സ്റ്റേഷന്‍, ഹരിതം കേരള കോര്‍ഡിനേറ്റര്‍, ഹരിതകര്‍മ സേന, തദ്ദേശവകുപ്പ് മന്ത്രിഎന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.