കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യാത്രികര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കക്കാടംപൊയിലിന് സമീപം പീടികപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നുള്ളവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിലേക്ക് മിനി ബസ്സില്‍ എത്തിയ സംഘം തിരികേ കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു നിരക്കിയും മറ്റും ഒരുവിധത്തില്‍ വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് ബസ്സിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്. ഒരു സ്ത്രീയുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം