ഇന്നലെ രാവിലെ മുതലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
തൃശൂർ: അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പുതുക്കാട് സിഗ്നൽ ജംക്ഷനിലെത്തി തൃശൂർ ഭാഗത്തേക്ക് പോകണം. ഇന്നലെ രാവിലെ മുതലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അടിപ്പാതയുടെ റോഡ് നിർമ്മാണത്തിനായി കാന തീർത്തതു മൂലമാണ് നിലവിലുള്ള റോഡ് അടച്ച് വാഹനങ്ങൾ തിരിച്ചുവിട്ടത്. ആമ്പല്ലൂരിൽ നിന്ന് വാഹനങ്ങൾ ചാലക്കുടി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. പുതുക്കാട് സ്റ്റാൻ്റിന് മുൻപിലെത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിച്ച് ചാലക്കുടി ഭാഗത്തേക്ക് പോകണം. സർവീസ് റോഡിലൂടെ എല്ലാ വാഹനങ്ങളെയും കടത്തിവിട്ടതോടെ
വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പാലിയേക്കര ടോൾ പ്ലാസ കടന്നും വാഹനങ്ങളുടെ നിര നീണ്ടു. ആമ്പല്ലൂരിലെ തിരക്ക് നിയന്ത്രിക്കാൻ ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അധികൃതർ അടച്ചുകെട്ടി. ഇനിമുതൽ ബസുകൾ കുറച്ച് മുന്നിലുള്ള സർവീസ് റോഡിനോട് ചേർന്നാണ് നിർത്തേണ്ടത്. ഇത്തരത്തിൽ ബസുകൾ നിർത്തുന്നതും ദേശീയപാതയിൽ തിരക്കിന് കാരണമാകുന്നുണ്ട്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ വീതി കുറഞ്ഞ സർവീസ് റോഡിലൂടെ മാത്രം ഒരു കിലോമീറ്ററിലേറെ കടത്തിവിടുന്നതാണ് ഗതാഗതക്കുരുക്ക് ഒഴിയാത്തതിൻ്റെ കാരണം. എന്നാൽ അടിപ്പാത നിർമാണം പൂർത്തിയാകുന്നതുവരെ ഇത്തരത്തിലുള്ള ഗതാഗത നിയന്ത്രണമാണ് സാധ്യമാകുന്നതെന്നാണ് അധികൃതർ പറയുന്നത്.


