ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ കൈ കുടുങ്ങി. വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്യുകയായിരുന്നു.
കോഴിക്കോട്: ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടയില്‍ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു. ചാലിയം ഫിഷ് ലാന്റിംഗ് സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കരുവന്‍തിരുത്തി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ കൈ കുടുങ്ങുകയായിരുന്നു. വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്തു. വലത് വാരിയെല്ലിന്റെ ഭാഗം കയറിന്റെ ഇടയില്‍ കുടുങ്ങിയതിനാല്‍ ശക്തമായ ശ്വാസ തടസ്സവും അനുഭവപ്പെട്ടു. ജീവനക്കാരനെ ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ വീടിന്റെ സംരക്ഷണഭിത്തി മറ്റൊരു വീട്ടിലേക്ക് ഇടിഞ്ഞുവീണ് നവജാത ശിശുവിന് പരിക്കേറ്റു. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ വാലില്ലാപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഓളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകന്‍ അന്‍ഹക്കാണ പരിക്കേറ്റത്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.


