പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണത്തിനായി സ്ഥാപിച്ച രണ്ട് ക്യാമറകള്‍ക്ക് പുറമെ കൂടും കൊണ്ടുവന്ന് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പുല്‍പ്പള്ളി: കബനിഗിരിയിലും പരിസരപ്രദേശങ്ങളിലും ഇറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച പുലിക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് പുലിയെത്തിയതായി പറയുന്ന പ്രദേശത്ത് കൂട് എത്തിച്ചത്. ബുധനാഴ്ച കബനിഗിരിയിലിറങ്ങിയ പുലി തൊഴുത്തില്‍കെട്ടിയിരുന്ന പശുവിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു വീട്ടിലെത്തി വളര്‍ത്തുനായയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് എത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.  പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണത്തിനായി സ്ഥാപിച്ച രണ്ട് ക്യാമറകള്‍ക്ക് പുറമെ കൂടും കൊണ്ടുവന്ന് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.  

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ ഡിപ്പോ രാമകൃഷ്ണന്‍ എന്നയാളുടെ വീടിന് സമീപമാണ് പുലിയെ ആദ്യം കണ്ടത്. ഇവിടെ തൊഴുത്തില്‍കെട്ടിയിരുന്ന പശുവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ശബ്ദംകേട്ട് രാമകൃഷ്ണനെത്തിയതോടെ പുലി ഓടിമറയുകയായിരുന്നു. വിവരമറിഞ്ഞ് രാത്രിതന്നെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെ സമീപ പ്രദേശമായ കബനിഗിരി പള്ളിപ്പുറത്ത് സ്റ്റീഫന്‍ എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ പുലി പിടികൂടുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ട് സ്റ്റീഫന്റെ ഭാര്യ മേരി ലൈറ്റ് തെളിച്ചതോടെ നായയെ വിട്ട് പുലി ഓടി മറഞ്ഞു. സ്റ്റീഫന്റെ വീടിന്റെ പുറകില്‍ അടുക്കളഭാഗത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ ആണ് ആക്രിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

ഇവിടെ നിന്ന് ഓടിയ പുലി സ്റ്റീഫന്റെ വീടിന് പിന്നിലുള്ള സഹോദരന്‍ പള്ളിപ്പുറത്ത് ജോയിയുടെ പുരയിടത്തിലേക്കെത്തി. ജോയിയുടെ വീട്ടുമുറ്റത്തെ മതിലിനുമുകളില്‍ കയറിയിരിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ മതിലില്‍ കാല്‍പ്പാടുകള്‍ കണ്ടതോടെ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ. നിജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.യു. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്ത് പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം