25 കിലോമീറ്ററോളം ഉൾവനത്തിലൂടെ സഞ്ചരിച്ച ശേഷമാണ് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിന് മുകളിൽ നാലംഗ സംഘത്തെ കണ്ടെത്തിയത്. മൂന്നു സ്ത്രീകളും ഒരു യുവാവും ഉള്‍പ്പെടുന്ന സംഘം കൊടുങ്കാട്ടിൽ അകപ്പെട്ടിട്ട് അപ്പോഴേക്കും ഒരു രാത്രിയും പകലും പിന്നിട്ടിരുന്നു.
പേപ്പാറ: തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകള്‍ അടങ്ങിയ സംഘത്തെ അതിസാഹസികമായാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി പുറത്തെത്തിച്ചത്. 25 കിലോമീറ്ററോളം ഉള്‍വനത്തിൽ സഞ്ചരിച്ചാണ് പൊലീസും വനപാലകരും ഫയർഫോഴ്സും ചേർന്ന് നാലംഗ സംഘത്തെ പുറത്തെത്തിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് സംഘം കാട്ടിനുള്ളിൽ പോയതിലെ ദുരൂഹത പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തുന്ന ഫോൺവിളിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഴ്വാത്തോള്‍ വെള്ളചാട്ടത്തിന് സമീപം കാട്ടിൽ അകപ്പെട്ടു പോയെന്ന് മാത്രം പറഞ്ഞ് ഫോൺ കട്ടായി. വിതുര എസഐ വിനോദ് കുമാറിൻെറ നേതൃത്വത്തിൽ ദൗത്യ സംഘം പുറപ്പെട്ടു. കൊടുംങ്കാട്, ടോർച്ചും മൊബൈൽ വെളിച്ചവും മാത്രമായിരുന്നു തെരച്ചിലിന് ഇറങ്ങിയ സംഘത്തിന്‍റെ കൈമുതലായിരുന്നത്. ഉറക്കെ കൂവി സാന്നിധ്യമറിയിച്ചും ആളുണ്ടോ എന്ന് വിളിച്ച് ചോദിച്ചും ഉൾവനത്തിലൂടെ മുന്നോട്ട് നടന്നു. 25 കിലോമീറ്ററോളം ഉൾവനത്തിലൂടെ സഞ്ചരിച്ച ശേഷമാണ് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിന് മുകളിൽ നാലംഗ സംഘത്തെ കണ്ടെത്തിയത്. മൂന്നു സ്ത്രീകളും ഒരു യുവാവും ഉള്‍പ്പെടുന്ന സംഘം കൊടുങ്കാട്ടിൽ അകപ്പെട്ടിട്ട് അപ്പോഴേക്കും ഒരു രാത്രിയും പകലും പിന്നിട്ടിരുന്നു.
വന്യ ജീവികളിറങ്ങുന്ന കാട്ടിൽ ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ വടം കെട്ടി അതിൽ പിടിച്ചാണ് രണ്ട് മാസം ഗര്‍ഭിണിയായ സ്ത്രീ അടക്കമുള്ള സംഘത്തെ പുറത്തെത്തിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് എന്തിനാണ് ഈ സംഘം കാട്ടിൽ കയിയതെന്ന് ഇനിയും ദുരൂഹമാണ്. തിങ്കളാഴ്ച കാണിത്തടത്ത് എത്തിയ ചാല സ്വദേശിയായ ഒരു സ്ത്രീയെയും രണ്ടു മക്കളെയും സുഹൃത്തിനെയും വെള്ളചാട്ടമുള്ള ഉള്‍വനത്തിലേക്ക് വനം വകുപ്പ് കടത്തിവിട്ടിരുന്നില്ല.
ഇതോടെ ബസ്സിൽ കയറി സംഘം ബോണക്കാട് ഇറങ്ങി. അവിടെ നിന്നും 10 കിലോമീറ്റർ വനത്തിലൂടെ ഉള്ളതിലെത്തിയപ്പോള്‍ പിന്നെ എങ്ങോട്ടു നീങ്ങണമെന്നറിയാതെ അകപ്പെട്ടുവെന്നാണ് ഇവര്‍ മൊഴി നല്‍കുന്നത്. ഇന്നലെ രാത്രി 12 മണിയോടെ പുറത്തെത്തിയവർക്ക് വൈദ്യപരിശോധന നൽകി. വനംവകുപ്പ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്ന് പൊലീസ് പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.
