റാന്നി: പത്തനംത്തിട്ട റാന്നിയില്‍ വനപാലകനെ ആന കുത്തിക്കൊന്നു. നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത കാട്ടാനയെ തിരികെ കാട്ടിലേക്ക് മടക്കി വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് വനപാലകന്‍ കൊലപ്പെട്ടത്. രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ആയ എ.എസ് ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രദേശവാസിയായ കെപി പൗലോസ് എന്ന രാജന്‍(62) റാന്നിതാലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബുധനാഴ്ച രാവിലെയാണ് ബിജു അടക്കമുള്ള വനപാലക സംഘം കാട്ടാന നാട്ടിലിറങ്ങിയതറിഞ്ഞ് റാന്നി കട്ടിക്കല്ലിലെത്തിയത്. ആനയെ വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിജുവിനെ ആന കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ ബിജുവിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രദേശവാസിയായ പൗലോസിനെ ആന ആക്രമിച്ചത്. സ്വന്തം റബര്‍തോട്ടത്തില്‍ ടാപ്പിംഗിനിടെയാണ് ആന പൗലോസിനെ ആക്രമിച്ചത്. പൗലോസിനെ ആന ആക്രമിച്ചതോടെയാണ് കാട്ടാന നാട്ടിലിറങ്ങിയ വിവരം പ്രദേശവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അറിയുന്നത്. തുടര്‍ന്നാണ് ബിജുവിന്‍റെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി. ആനയെ കണ്ട് തോക്കുപയോഗിച്ച് വെടിശബ്ദം ഉണ്ടാക്കിയപ്പള്‍ ആന വനപാലകരുടെ അടുത്തേക്ക് ഓടി വരികയും ബിജുവിന്‍റെ നെഞ്ചില്‍ കുത്തി വീഴ്ത്തുകയുമായിരുന്നു.

രാത്രി എട്ടുമണിയോടെയാണ് ആനയെ തിരികെ കാട്ടിലേക്ക് മടക്കാനായത്. കട്ടിക്കലില്‍ റോഡ് മുറിച്ച് കടന്ന് നദിയിലേക്ക് ഇറങ്ങവെ ആന അതുവഴി വന്ന ബൈക്ക് തുമ്പിക്കൈ കൊണ്ട് വലിച്ചിട്ടു. എന്നാല്‍ ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രികരും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കുറച്ച് സമയം നിന്ന ആന പിന്നീട് നദിയിലേക്ക് ഇറങ്ങി കാട്ടിലേക്ക് കയറിപ്പോയി.