രണ്ട് മാസം മുമ്പ് തൃപ്രയാറിൽ നടന്ന അടിപിടി കേസിൽ രാധാകൃഷ്ണൻ്റെയും സുഹൃത്തിൻ്റെയും പരാതിയിൽ വലപ്പാട് പൊലീസ് കേസെടുത്തിരുന്നു.
തൃശൂർ: തൃപ്രയാർ സെന്ററിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ ചുമട്ടുതൊഴിലാളിയെ ആകമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. താന്ന്യം ചക്കമലത്ത് വീട്ടിൽ റോഷൻ ( 26 ) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചുമട്ടു തൊഴിലാളി നാട്ടിക സ്വദേശി നമ്പെട്ടി വീട്ടിൽ രാധാകൃഷ്ണൻ (56 ) നെയാണ് ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുമ്പ് തൃപ്രയാറിൽ നടന്ന അടിപിടി കേസിൽ രാധാകൃഷ്ണൻ്റെയും സുഹൃത്തിൻ്റെയും പരാതിയിൽ വലപ്പാട് പൊലീസ് കേസെടുത്തിരുന്നു.
ആ സംഭവത്തിന്റെ വൈരാഗ്യത്താലാണ് റോഷനും സായ് രാജും മറ്റ് രണ്ട് പേരും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ രാധാകൃഷ്ണൻ തൃപ്രയാർ സെന്ററിൽ ഇരിക്കുന്ന സമയം രണ്ട് ബൈക്കുകളിലായി വന്ന സംഘം രാധാകൃഷ്ണനെ ഇരുമ്പ് വടികൊണ്ടും കൊന്ന വടികൊണ്ടും ആക്രമിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന രാധാകൃഷ്ണന്റെയും ഷീബുവിന്റെയും ബൈക്കുകളും ഇവർ തല്ലി തകർക്കുകയും ചെയ്തിരുന്നു. സംഭവം കണ്ട് സുഹൃത്തുക്കൾ രാധാകൃഷ്ണന്റെ അടുത്തേക്ക് വരുമ്പോഴേക്കും ഇവർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. കേസിൽ അന്വേഷണം നടത്തി വരവെ റോഷനെ താന്ന്യത്തു നിന്നും പിടികൂടിയത്.
റോഷന് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഒരു കേസും, കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് രണ്ട് കേസുകളുമുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, പി.ജി., സദാശിവൻ, എഎസ്ഐ ഭരതനുണ്ണി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സോഷി, സുനിഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
