പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

Synopsis
നാളെ പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാൽ സിറ്റിയിലെ സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും.
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്. നാളെ പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാൽ സിറ്റിയിലെ സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും.
സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
ആഘോഷ പരിപാടികള്‍ക്കിടെ ബൈക്ക് റെയ്സിംഗ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ മറ്റ് പരീക്ഷകൾ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...