തിരുവനന്തപുരം: കുഞ്ഞുങ്ങളിലെ കാല്‍പ്പാദത്തിന്‍റെ വളവ് മാറ്റുന്ന ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗവിഭാഗത്തില്‍ തിരക്കേറുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1241 കുട്ടികള്‍ക്കാണ് ചികിത്സ നല്‍കിയിട്ടുള്ളത്. കുഞ്ഞ് ജനിച്ച് ഒരാഴ്ച മുതല്‍ അഞ്ചുവയസുവരെ നീണ്ടു നില്‍ക്കുന്ന ചികിത്സയാണിത്. കാല്‍പ്പാദത്തിന്‍റെ വളവ് അഥവാ ക്ലബ്ഫൂട്ട് എന്ന അവസ്ഥയിലുള്ള കുട്ടികള്‍ക്കാണ് പോണ്‍സെറ്റി ടെക്നിക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സ നല്‍കിവരുന്നത്.

ചികിത്സ കുട്ടികളില്‍ ഏറെ ഫലപ്രദമായി കണ്ടുവരുന്നതോടെ കൂടുതല്‍ രോഗികള്‍ ചികിത്സയ്ക്കായെത്തുന്നുണ്ട്. 1241-ല്‍ 750 കുട്ടികളുടെ ചികിത്സ ഇപ്പോഴും തുടര്‍ന്നു വരുന്നു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടുകൊണ്ടുള്ള ഈ ചികിത്സയില്‍ ശസ്ത്രക്രിയ ഒഴിവാക്കിയാണ് ചെയ്തുവരുന്നത്. എന്നാല്‍  പ്രായം കൂടുന്നതനുസരിച്ച് ചിലപ്പോള്‍ ചെറിയ ശസ്ത്രക്രിയ വേണ്ടിവരും. കൃത്യമായ ഇടവേളകളില്‍ നാലോ അഞ്ചോ പ്ലാസ്റ്ററുകള്‍ കൊണ്ട് കാല്‍പ്പാദത്തിലെ വളവ് മാറ്റാന്‍ കഴിയുമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. വളവ് മാറ്റിയ കാല്‍ വീണ്ടും വളയാതിരിക്കാന്‍ അഞ്ചുവയസുവരെ പ്രത്യേകം തയ്യാറാക്കിയ ഷൂസ് രാത്രികാലങ്ങളില്‍ ധരിക്കേണ്ടിവരും. അപൂര്‍വമായി കാലില്‍ ഒരു എല്ലില്ലാതെ ജനിക്കുന്ന കുട്ടികള്‍ക്കും ഈ ചികിത്സ ഫലപ്രദമാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ ക്ലബ്ഫൂട്ടിന് കാര്യമായ ചികിത്സയില്ലാതിരുന്നതിനാല്‍ നിരവധി ആള്‍ക്കാര്‍ വളഞ്ഞ കാല്‍പ്പാദവുമായി നടക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ച പതിവായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പത്തുവര്‍ഷം മുമ്പ് ആരംഭിച്ച ചികിത്സയ്ക്കായി ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്ത് ചികിത്സ പൂര്‍ത്തിയായവരിലും ചികിത്സ തുടരുന്നവരിലും വളരെ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കും പ്ലാസ്റ്റര്‍, ഷൂസ് തുടങ്ങിയ അനുബന്ധ സാമഗ്രികള്‍ക്കുമെല്ലാം വന്‍ചെലവു വേണ്ടിവരും. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീര്‍ത്തും സൗജന്യമായി മേന്മയേറിയ ചികിത്സ ലഭ്യമാകുന്നതിനാല്‍ കാലിന് ഇത്തരം വൈകല്യമുള്ള കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ ചികിത്സയ്ക്കായി കാലതാമസമില്ലാതെ കൊണ്ടുവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂര്‍ എന്ന സംഘടന ഈ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി സഹകരിക്കുന്നുണ്ട്. ചികിത്സയ്ക്കാവശ്യമായ ഷൂസും പ്ലാസ്റ്ററും സൗജന്യമായി നല്‍കുന്ന ഈ സംഘടന രോഗികള്‍ക്കും ആശുപത്രികള്‍ക്കും വലിയ സഹായമാണ് നല്‍കുന്നത്.
ഇരട്ടക്കുട്ടികള്‍, ഗര്‍ഭാശയ മുഴ, ഫ്ളൂയിഡിന്‍റെ കുറവ്, അമ്മയുടെ ഗര്‍ഭാശയത്തില്‍ കുഞ്ഞിന് കിടക്കാനുള്ള സ്ഥലക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥകളിലാണ് കുഞ്ഞിന്‍റെ കാലിന് വളവുണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. ഗര്‍ഭാവസ്ഥയില്‍ തന്നെ അള്‍ട്രാസൗണ്ട് സ്കാനിംഗ് വഴി കുഞ്ഞിന്‍റെ ഈ വൈകല്യം കണ്ടെത്താന്‍ കഴിയും.

അതിനാല്‍ ജനിച്ച് ഒരാഴ്ച കഴിഞ്ഞുടന്‍ ചികിത്സ തുടങ്ങാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന നൂതന ചികിത്സയ്ക്കൊപ്പം അസ്ഥിരോഗവിഭാഗത്തില്‍ നടക്കുന്ന ക്ലബ്ഫൂട്ട് ചികിത്സയും പൊതുജനമധ്യത്തില്‍ ശ്രദ്ധാ കേന്ദ്രമായി മാറിക്കഴിഞ്ഞു. മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിൻ കീഴിൽ തിങ്കൾ, വ്യാഴം, വെള്ളി   ദിവസങ്ങളിൽ ക്ലബ് ഫൂട്ട് ചികിത്സയുടെ ഒപി പ്രവർത്തിക്കും. ഡോ സാജിദ് ഹുസൈൻ, ഡോ ശബരി ശ്രീ, ഡോ ജഗജീവ്, ഡോ അശോക് രാമകൃഷ്ണൻ, ഡോ ജോസ് ഫ്രാൻസിസ്, ഡോ സുധീർ, ഡോ ജയചന്ദ്രൻ , ഡോ ബിജു എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.