തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ കെട്ടിട നിർമാണത്തെ തുടർന്ന് തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പ്രധാന കവാടം വഴി ഉൾപ്പെടെ വഴിതിരിച്ചുവിടും. 

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉള്ളൂരിൽനിന്ന്‌ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കും വാഹനങ്ങൾക്ക് എംഎസ്ബി സെല്ലാർ സ്റ്റാഫ് പാർക്കിങ്‌ ഭാഗത്തേക്കും മാത്രമാണ് പ്രവേശനം. ഇതുവഴി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കും ആശുപത്രി ഭാഗത്തേക്കും പ്രവേശനമുണ്ടാകില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങൾ പ്രധാന കവാടം വഴി അമ്മയും കുഞ്ഞും പ്രതിമ ചുറ്റി നഴ്‌സിങ്‌ കോളേജ് കഴിഞ്ഞ് ഒറ്റവരി ഗതാഗതം പാലിച്ച് പോകണം.

രോഗിയെ എസ്എസ്ബിയിൽ ഇറക്കി ഉള്ളൂർ റോഡിലേക്ക്‌ ഇറങ്ങി വാഹനം പുതിയ മേൽപ്പാലത്തിന് താഴെയുള്ള പ്രദേശത്ത്‌ നിർത്തിയിടണം. ജീവനക്കാർക്ക് അവരുടെ വാഹനം എസ്എസ്ബി പരിസരത്ത് നിർത്തിയിടാം. ഹെറിറ്റേജ് ബ്ലോക്ക് - ഐപി, എംഎസ്ബി എന്നിവയുള്ള പഴയ മോർച്ചറി ഗേറ്റിന്‍റെ ഭാഗത്തേക്ക്‌ ഐപി രോഗികളെയും കൊണ്ടുള്ള ആംബുലൻസുകളും അവിടെ പാർക്കിങ്‌ അനുവദിച്ചിട്ടുള്ള ഡോക്‌ടർമാരുടെ വാഹനങ്ങളും പ്രവേശിക്കാം. ആംബുലൻസുകൾക്ക് പരിമിതമായ ഭാഗത്തുകൂടി നിയന്ത്രിത ഗതാഗതം സാധ്യമാക്കും.

ആർസിസി, ശ്രീചിത്ര, അക്കാദമിക് ക്യാമ്പസ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മേൽപ്പാലം വഴി ഉള്ളൂർ ഭാഗത്തേക്ക്‌ പോകണം. എസ്എടി ആശുപത്രിയിൽ നിന്നുള്ള പ്രധാന കവാടംവഴി കാഷ്വാലിറ്റിക്ക് മുന്നിലൂടെ ഉള്ളൂർ ഭാഗത്തേക്ക്‌ പോകണം. ഒറ്റവരി ഗതാഗതം ഇരുചക്രവാഹനങ്ങളടക്കം സ്റ്റാഫിന്‍റെയും പൊതുജനങ്ങളുടെയും വാഹനങ്ങൾക്ക് ബാധകമാണ്. അത്യാഹിത വിഭാഗത്തിന് മുന്നിൽ ആംബുലൻസ്‌ ഉൾപ്പെടെ ഒരു വാഹനവും നിർത്തിയിടരുത്. കെട്ടിടനിർമാണം നടത്തുന്ന ഭാഗത്തേക്ക്‌ നിർമാണ വാഹനങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളും മാത്രമേ കടത്തിവിടുകയുള്ളൂ.