അങ്ങാടികടയിലെ രഹസ്യ കച്ചവടത്തിന്‍റെ വിവരങ്ങൾ ഷംനു വെളിപ്പെടുത്തിയതിനെ തുടർന്ന് ബുധനാഴ്ച രാവിലെ തന്നെ എക്സൈസ് സംഘം വെള്ളനാട് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള അങ്ങാടിക്കടയിലെത്തി പരിശോധിച്ചതോടെയാണ് കള്ളക്കച്ചവടം പിടിയിലായത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലും സമീപ പ്രദേശങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ 11 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ അറസ്റ്റിലായി. മലയിൻകീഴ് സ്വദേശിയും ഇപ്പോൾ ശംഖുംമുഖം താമസിക്കുന്നതുമായ ഷംനു ( 30 ) വെള്ളനാട് സ്വദേശി ദിലീപ് ( 42 )എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. ഷംനു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു. വെള്ളനാട് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള അങ്ങാടിക്കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കച്ചവടം പിടികൂടിയത്.

എം ഡി എം എ കച്ചവടം അങ്ങാടിക്കടയുടെ മറവിൽ

നെയ്യാറ്റിൻകര കോട്ടുകാലിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവുമായി ഷംനുവിനെ കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വെള്ളനാട് സ്വദേശി ദിലീപിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. അങ്ങാടികടയിലെ രഹസ്യ കച്ചവടത്തിന്‍റെ വിവരങ്ങൾ ഷംനു വെളിപ്പെടുത്തിയതിനെ തുടർന്ന് ബുധനാഴ്ച രാവിലെ തന്നെ എക്സൈസ് സംഘം വെള്ളനാട് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള അങ്ങാടിക്കടയിലെത്തി പരിശോധിച്ചു. ഇവിടെ ഒളിപ്പിച്ചിരുന്ന എം ഡി എം എയാണ് കണ്ടെടുത്തത്. അങ്ങാടിക്കടയുടെ മറവിൽ ഷംനുവും ദിലീപും ചേർന്ന് ലഹരി വിൽ‌പ്പന നടത്തിവരികയായിരുന്നെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി.

റാന്നിയിലെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തിയത് 220 കുപ്പി മദ്യം

കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നിയിൽ എക്സൈസ് സംഘം വൻ വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. ആർക്കും സംശയം തോന്നാത്ത, പുറമേ നോക്കിയാൽ അടഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിന്നാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്.

തൃശൂരിലും വിദേശ മദ്യം പിടികൂടി

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എളംതുരുത്തിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 32.5 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യവുമായി ഷാജു കെ എല്‍ (57 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു എന്നതാണ്. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസപെക്ടർ അനൂപ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ് കുമാർ എം എസ്, വിശാൽ പി വി, സിവിൽ എക്സൈസ് ഓഫീസർ ഇർഷാദ് എന്നിവർ പങ്കെടുത്തു.