പേട്ട സ്വദേശി സന്തോഷ് കുമാറിന് ആറ് മാസത്തേക്കും ആറ്റിപ്ര സ്വദേശി ജിഷ്ണു സേവ്യറിന് ഒരു വർഷത്തേക്കുമാണ് വിലക്ക്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്. വഞ്ചിയൂർ, ഫോർട്ട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ആക്രമണം, ദേഹോപദ്രവം എന്നിവയുൾപ്പെടെ പതിനേഴോളം കേസുകളിൽ പ്രതിയാണ് സന്തോഷ്.
തിരുവനന്തപുരം:നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചും പൊലീസിന്റെ താക്കീതുകൾ അവഗണിച്ചും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സമാധാനം കെടുത്തിവന്ന രണ്ട് സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ നിന്നും നാടുകടത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് ആണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചത്. പേട്ട, തുമ്പ പൊലീസ് സ്റ്റേഷനുകളിലെ റൗഡിലിസ്റ്റിലെ രണ്ട് പേരാണ് പ്രതികൾ. പേട്ട ചായക്കുടി ലെയ്ൻ, സ്വദേശി വേലായുധൻ സന്തോഷ് എന്ന സന്തോഷ് കുമാറിന് (42) ആറ് മാസത്തേക്ക് ആണ് വിലക്ക്.
വഞ്ചിയൂർ, ഫോർട്ട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ആക്രമണം, ദേഹോപദ്രവം എന്നിവയുൾപ്പെടെ പതിനേഴോളം കേസുകളിൽ പ്രതിയാണ് സന്തോഷ്. മുൻപും കരുതൽ തടങ്കൽ, നാടുകടത്തൽ എന്നീ ശിക്ഷകൾക്ക് ഇയാൾ വിധേയനായിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് സിറ്റി പരിധിയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പേട്ട സ്റ്റേഷനിൽ 0471-2743195 നമ്പറിയൽ അറിയിക്കാമെന്ന് പൊലീസ് പറയുന്നു. ആറ്റിപ്ര കുളത്തൂർചിഞ്ചു നിവാസിൽ ജിഷ്ണു സേവ്യർ (32) ആണ് രണ്ടാമൻ. ഇയാൾക്ക് ഒരു വർഷ കാലയളവിലേക്ക് സിറ്റി പൊലീസ് പരിധിയിൽ പ്രവേശനം വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി.
തുമ്പ, മണ്ണന്തല, മെഡിക്കൽ കോളെജ് എന്നീ സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകളിൽ പ്രതിയാണ് ജിഷ്ണു. മുൻപും രണ്ട് വർഷക്കാലം തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്കുണ്ടായിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ചാൽ തുമ്പ പൊലീസ് സ്റ്റേഷൻ നമ്പരായ 0471 256 3754 അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.


