തിരുവനന്തപുരം വാഴിച്ചലിൽ പോലീസ് നടത്തിയ പരിശോധനയിൽ 85 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും തമിഴ്‌നാട് വഴി കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട, പൂഴനാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാനത്തെ വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. ഇമ്മാനുവല്‍ കോളോജിന് സമീപത്ത് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖില്‍ എന്നിവരെ പൊലീസ് പിടികൂടി. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട് വഴി കടത്തികൊണ്ടുവന്ന ഏകദേശം 85 കിലോയോളം കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

റൂറല്‍ എസ്പി പ്രശാന്തൻ കാണിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. ഇതിൽ നിന്നാണ് കാറിന്‍റെ ഡിക്കിയില്‍ പ്രത്യേകം രഹസ്യമായി നിര്‍മ്മിച്ച അറയ്ക്കുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്. 2. 200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനമായ റ്റി.എന്‍. 09 എ ആര്‍ 6156 നബറിലുള്ള കാറിലാണ് കഞ്ചാവ് കടത്തി ക്കൊണ്ടുവന്നത്.

കാട്ടാക്കട ഡിവൈ.എസ്പി ജി. ബിനുവിന്‍റെയും നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി റോബര്‍ട്ട് ജോണിയുടെയും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്‍റെയും ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എഫ്. ഫയാസ്, ശരത്, ബി. ദിലീപ്, സുനില്‍ ലാല്‍, ബിജു കുമാര്‍, പ്രേം കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. ഇവർക്കെതിരെ തുടർനടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.