ഒരു ലക്ഷത്തോളം രൂപ വില വരുന്ന ടവര്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 50 എംഎമ്മിന്‍റെ 300 മീറ്റര്‍ നീളം വരുന്ന കോപ്പര്‍ വയര്‍ മോഷണം നടത്തിയ കേസില്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ പിടിയിൽ

കോഴിക്കോട്: വോഡഫോണ്‍ കമ്പനിയുടെ മെയിന്‍റനൻസ് വെയര്‍ഹൗസില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന ടവര്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 50 എംഎമ്മിന്‍റെ 300 മീറ്റര്‍ നീളം വരുന്ന കോപ്പര്‍ വയര്‍ മോഷണം നടത്തിയ കേസില്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ പിടിയിൽ. കോഴിക്കോട് തിരുവണ്ണൂര്‍ നടയില്‍ ലേക്ക് വ്യൂ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമര്‍നാഥ് (24), ഒളവണ്ണ സ്വദേശി ജ്യോതിഷ്(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അമര്‍നാഥ് വോഡഫോണ്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞ മാസമാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.

മെയിന്‍റനൻസ് ആവശ്യങ്ങള്‍ക്കായി വെയര്‍ ഹൗസില്‍ പോയി സാധനങ്ങൾ സൈറ്റുകളിലേക്ക് എത്തിക്കുന്ന അവസരങ്ങളില്‍ ഇയാള്‍ ഇവിടെ സൂക്ഷിച്ച താക്കോല്‍ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മിക്കുകയും ഇതുപയോകിച്ച് മോഷണം നടത്തുകയുമാണ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാന്‍ റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ച് സ്‌കൂട്ടറിലെത്തി കളവ് നടത്തിയ ശേഷം കുറച്ചു ദൂരം യാത്ര ചെയ്ത് റെയിന്‍കോട്ട് മാറ്റി പല വഴികളിലൂടെ തിരിച്ചുപോവുകയായിരുന്നു. രണ്ടു തവണ മോഷണം നടത്തിയ കോപ്പര്‍ വയര്‍ ആക്രിക്കടയില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുകയും പണം പങ്കിട്ടെടുക്കുകയും ചെയ്തു. കളവു മുതല്‍ വിറ്റു കിട്ടുന്ന പണം ഇരുവരും മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനാണ് ചിലവഴിച്ചത്. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.