ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ശിവ, പ്രവീണ്‍ എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തു. പൊടിയന്‍ ബസാറിലെ ക്ഷേത്രത്തില്‍ നിന്ന് 15,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. 2ന് രാത്രി 9നും 3 ന് പുലര്‍ച്ചെ 6നും ഇടയിലാണ് മോഷണം നടന്നത്.
തൃശൂര്‍: ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. എറിയാട് അത്താണി ആശാരിപറമ്പില്‍ വീട്ടില്‍ ശിവ (18), മേത്തല എല്‍ത്തുരുത്ത് ദേശത്ത് നെല്ലിപറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്. പൊടിയന്‍ ബസാറിലുള്ള ചാണാശേരി കുടുംബ ക്ഷേത്രത്തിലെ രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ഏകദേശം 15,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്.
രണ്ടിന് രാത്രി ഒമ്പതിനും മൂന്നിന് പുലര്‍ച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ശാസ്ത്രീയവും വിശദവുമായ അന്വേഷണത്തില്‍ പ്രതികളെ കോട്ടപ്പുറം ഭാഗത്തുനിന്നും പൊലീസ് പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികള്‍ കാര ഭാഗത്തുള്ള ഒരു അമ്പലത്തിലും, കാര ബീച്ചിന് സമീപത്തുള്ള ഒരു അമ്പലത്തിലും, പൊയ്യയിലുള്ള ഒരു അമ്പലത്തിലും, കരൂപ്പടന്ന പാലത്തിന് സമീപത്തുള്ള മുരുകന്റെ അമ്പലത്തിലെയും, എടവിലങ്ങ് കുത്തൈനി ഭാഗത്തുള്ള ഒരു അമ്പലത്തിലും, പൊടിയന്‍ ബസാറില്‍ വില്ലേജ് ഓഫിസിന് അടുത്തുള്ള രണ്ട് അമ്പലത്തിലും ഭണ്ഡാരം മോഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.
പ്രവീണ്‍ കൊടുങ്ങല്ലൂര്‍, മതിലകം, മാള പൊലീസ് സ്റ്റേഷനുകളിലായി രണ്ട് മോഷണ കേസും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ് അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി.കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സാലിം കെ, സജില്‍ കെ.ജി ,ജിജേഷ്, മനു പി ചെറിയാന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിഷ്ണു, ഷമീര്‍, അമല്‍ദേവ് എന്നിവരും അന്വേഷണ സംഘത്തലുണ്ടായിരുന്നു.


