ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36) ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികൾ. ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.
ഉച്ചയ്ക്ക് ഒരു മണിയോടെ കെൽട്രോൺ ജംങ്ഷന് സമീപമാണ് അപകടം. ആശുപത്രി കെട്ടിടത്തിനായുള്ള അടിത്തറ നിർമാണ ജോലിക്കിടെയാണ്
മണ്ണിടിഞ്ഞ് വീണത്. ജെസിബി ഉപയോഗിച്ചെടുത്ത കുഴി വൃത്തിയാക്കുന്നതിനായി നാല് പേർ കുഴിയിലേക്ക് ഇറങ്ങിയിരുന്നു. ഇവരിൽ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്.
മറ്റ് തൊഴിലാളികൾ ചേർന്ന് ഇവരെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും തുടർച്ചയായി മണ്ണെടുത്തതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം. മണ്ണെടുപ്പ് മൂലം സമീപത്തെ ടവറുകളും അപകടാവസ്ഥയിലാണെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി. നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടെന്നും അപകടാവസ്ഥയില്ലെന്നുമാണ് കരാറുകാരന്റെ പ്രതികരണം.
