കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൊച്ചി: എറണാകുളം തടിയിട്ടപറമ്പില്‍ പൊലീസ് ആണെന്ന് ഭയപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളിയുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തില്‍ ഇരുവര്‍ക്കും തെറ്റുപ്പറ്റിയെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ സസ്പെന്‍ഡ് ചെയ്ത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഇരുവരും സമാന സംഭവങ്ങളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടെയും പെരുമാറ്റദൂഷ്യം സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആസാം സ്വദേശിയെയാണ് ഇവരടങ്ങുന്ന നാലംഗ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇവര്‍ ആസാം സ്വദേശി ജോഹിറുള്‍ ഇസ്ലാം വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയത്. പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും അക്രമം കാട്ടിയും ഇയാളുടെ പക്കലുണ്ടായിരുന്ന അമ്പത്തിയാറായിരം രൂപയും നാല് മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നെന്നാണ് കേസ്.
പണം നഷ്ടപ്പെട്ടയാള്‍ സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് എക്സൈസുകാരുടെ കള്ളക്കളി വെളിച്ചത്തായത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെയും നിരവധി കേസുകളില്‍ പ്രതികളായ മണികണ്ഠന്‍ ബിലാല്‍, എം വി ബിബിന്‍ എന്നിവരെയും അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണ് ആസാം സ്വദേശിയുടെ താമസ സ്ഥലത്ത് പോയതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. സമാനമായ രീതിയില്‍ മറ്റാരെയെങ്കിലും ഇരുവരും കബളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇരു എക്സൈസ് ഉദ്യോഗസ്ഥരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.