പമ്പിൽ ആദ്യമെത്തിയത് തങ്ങളായതിനാൽ സ്കൂട്ടറിൽ പെട്രോൾ അദ്യം നിറയ്ക്കണമെന്നതിനേ ചൊല്ലി തർക്കം. ജീവനക്കാരന് മർദ്ദനം. 22കാരന് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികർ പിടിയിൽ

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിലുണ്ടായ തര്‍ക്കത്തില്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച രണ്ട് പേര്‍ പിടിയില്‍. അരക്കിണര്‍ സ്വദേശികളായ സീമാന്റകത്ത് മുഹമ്മദ് റസീന്‍, പുതിയപുരയില്‍ മുഹമ്മദ് നിഹാല്‍ എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണഞ്ചേരിയിലെ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാര്‍ത്തികി(22)നാണ് പരിക്കേറ്റത്. ആക്രമണത്തില്‍ കവിളില്‍ പരിക്കേറ്റ കാര്‍ത്തികിന് നാല് തുന്നലുകള്‍ വേണ്ടി വന്നു.

ഞായറാഴ്ച രാത്രി 11.30ഓടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. സ്‌കൂട്ടറില്‍ എത്തിയ റസീനും നിഹാലും ആദ്യം എത്തിയത് തങ്ങളാണെന്ന് പറഞ്ഞുകൊണ്ട് വാക്കുതര്‍ക്കമുണ്ടാക്കുകയായിരുന്നു. പിന്നീടാണ് കാര്‍ത്തികിനെ ആക്രമിച്ചത്. പമ്പിലെ ജീവനക്കാരും പെട്രോള്‍ അടിക്കാനെത്തിയവരും ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അക്രമത്തിനിടെ കീ ചെയിന്‍ പോലുള്ള വസ്തു ഉപയോഗിച്ച് കാര്‍ത്തികിന്റെ കവിളില്‍ കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിടികൂടി പന്നിയങ്കര പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കാര്‍ത്തികിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം