ഹരിപ്പാട്: ജൂവലറിയില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പുല്ലു കുളങ്ങര കിഴക്കേ നടയിലെ ബീനാ ജൂവലേഴ്സിൽ മോഷണം നടത്തിയ തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് ശരത്(34), ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38)എന്നിവരൊണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൂളത്തെരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്. 

പത്തൊമ്പതാം തീയതി രാത്രിയിലാണ് മോഷണം നടന്നത്. 14 പവന്റെ സ്വർണവും 2,87,000 രൂപയുമാണ് ഇവർ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കടയിലെ സിസി ടിവിയിൽ ഒരു പ്രതിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നടന്ന ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്തു വന്നവരാകാം പ്രതികളെന്ന് അദ്യം തന്നെ സംശയമുണ്ടായിരുന്നു. ഈ വഴിക്കും അന്വേഷണം നടന്നു. പ്രതികൾ ചൂളത്തെരുവിൽ വീട് വാടകക്കെടുത്താണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. 

കുറത്തികാട്, പുളളിക്കണക്ക്, കാക്കനാട് എന്നിവിടങ്ങളിലെ വീടുകളിലും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ജൂവലറിയിലും താമസസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. മോഷണ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. കൂടാതെ ഇവർ ഭിത്തി തുരക്കാനുപയോഗിച്ച കമ്പി പാരയും ജൂവലറിയുടെ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. 

മോഷ്ടിച്ച പണംകൊണ്ട് ഇവർ ഗൃഹോപകരണങ്ങളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം നടന്നുവരുന്നതിനിടെയാണ് മോഷണം നടക്കുന്നത്. കടയുടെ പിന്നിലെ കെട്ടിട ഉടമയുടെ തന്നെ വീടിന്റെ ഭിത്തി തുരന്നാണ് പ്രതികൾ അകത്ത് കടന്നത്. ഇരുവരേയും ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.