മാലിന്യം കൊണ്ടുവന്ന കെഎല്‍ 58 ഇ 9253 നമ്പര്‍ ടിപ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കോഴിക്കോട്: സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മീഞ്ചന്തക്ക് സമീപം മോഡേണ്‍ ബസാറിനും ഞെളിയന്‍ പറമ്പിനുമിടയില്‍ വികെസി കമ്പനിക്ക് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തായാണ് മാലിന്യം തള്ളാന്‍ ശ്രമമുണ്ടായത്. ലോറി ഡ്രൈവറും തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുമായ രാമചന്ദ്രന്‍(38), കോഴിക്കോട് നടക്കാവ് സിഎംസി കോളനിയിലെ ശരത്(24) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎല്‍ 58 ഇ 9253 നമ്പര്‍ ടിപ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് സംഘം നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പാതയോരത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു. ഈ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം