കൊല്ലം തെന്മല ഉറുകുന്നിലെ ജനവാസ മേഖലയിൽ രണ്ട് പുലികളെത്തി. കഴിഞ്ഞ ദിവസം രാത്രി അയ്യങ്കാളി നഗറിൽ സുകുവും കുടുംബവുമാണ് വീടിന് സമീപം പുലികളെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലികളെ കണ്ടെത്താനായില്ല.
കൊല്ലം: തെന്മല ഉറുകുന്നിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. അയ്യങ്കാളി നഗറിലാണ് രണ്ട് പുലികളിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒൻപത് മണിയോടെ അയ്യങ്കാളി നഗറിൽ സുകുവും ഭാര്യ ദീപയുമാണ് വീടിന് സമീപത്ത് പുലിയെ കണ്ടത്. ശബ്ദംകേട്ട് പറമ്പിലിറങ്ങി നോക്കിയപ്പോഴാണ് പുലി നടന്നുപോകുന്നതായ് ശ്രദ്ധയിൽ പെട്ടത്. ഞെട്ടൽ മാറും മുമ്പ് മറ്റൊരു പുലി കൂടി എത്തി. വീട്ടുകാരെ കണ്ടതോടെ പുലി ഇരുവർക്കുംനേരേ ചീറ്റി. ഇതോടെ സുകു ഭാര്യയെയും മക്കളെയും വീടിനുള്ളിലാക്കി കതകടച്ചു. പുലിളകളിലൊന്ന് പുരയിടത്തിന്റ താഴ്ഭാഗത്തേക്കും മറ്റൊരെണ്ണം അടുത്തുള്ള കുറ്റി മതിൽ ചാടിക്കടന്നും പോകുകയായിരുന്നു. വാർഡ് മെമ്പറെ വിവരമറിയിക്കുകയും മെമ്പർ വനം വകുപ്പിനെയും വിവരമറിയിച്ചു. തെന്മല വനം ഡിവിഷനിൽ നിന്ന് ജീവനക്കാർ രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലികളെ കണ്ടെത്താനായില്ല.
സമീപത്തെ, കാടുമൂടിക്കിടക്കുന്ന മുസലിയാർ തോട്ടമാണ് പുലികൾ താവളമാക്കുന്നതെന്നും നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും ഈ പ്രദേശത്ത് കാട് വെട്ടിത്തെളിക്കാനുള്ള നടപടിയാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ നിന്ന് രാപകൽ ഭേദമില്ലാതെ വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് വരുന്നത് പതിവാണ്. പാറക്കടവ് സ്വദേശി സുന്ദരേശൻെറ രണ്ട് നായക്കുട്ടികളടക്കം മൂന്നു നായ്ക്കളെ തൊട്ടടുത്തുള്ള ദിവസങ്ങളിലായി പുലിപിടിച്ചിരുന്നു.


