സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം മലപ്പുറം ജില്ലയിലെ തിരൂരില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നും രണ്ടും പ്രതികളെ തിരിച്ചറിഞ്ഞത്. 

തൃശൂര്‍: വിയ്യൂര്‍ പവര്‍ഹൗസിനു സമീപം നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മോഷണ മുതല്‍ വാങ്ങി വില്‍പ്പന നടത്തുന്ന രണ്ട് കൂട്ടു പ്രതികളെയും വിയ്യൂര്‍ പോലീസ് പിടികൂടി. വിയ്യൂര്‍ എസ്.എച്ച്.ഒ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതികളാണ് ഇവര്‍. മലപ്പുറം താനൂര്‍ മുറുധാനിപ്പടി കറുപ്പംവീട്ടില്‍ റിജിന്‍ദാസ് (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണം നടത്തിയത്.

പട്ടാമ്പിയില്‍നിന്ന് രാത്രി ട്രെയിന്‍ മാര്‍ഗം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ആണ് ആദ്യം മോഷ്ടിച്ചത്. ബൈക്കില്‍ പോകുന്ന വഴിയില്‍ വിയ്യൂരില്‍ എത്തിയപ്പോള്‍ ബുള്ളറ്റ് കണ്ടു. ഉടനെ ബൈക്ക് അവിടെ ഉപേക്ഷിച്ച് ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു. സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം മലപ്പുറം ജില്ലയിലെ തിരൂരില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നും രണ്ടും പ്രതികളെ തിരിച്ചറിഞ്ഞത്.

ഇവര്‍ വലിയ ഒരു സംഘമായി പ്രവര്‍ത്തിച്ചു വരുന്നവരാണെന്നും യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം ബൈക്കുകള്‍ മോഷ്ടിക്കാറുണ്ടെന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് സംഘത്തിലെ പ്രധാനിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ സഹായത്താല്‍ മലപ്പുറം തിരൂര്‍ പൊറത്തൂര്‍ കുയിലിപ്പറമ്പില്‍ ഷംനാദി (26)നെ പിടികൂടി. പ്രതികള്‍ മോഷ്ടിച്ച ബുളറ്റ് എത്തിച്ചു നല്‍കിയത് ഇയാള്‍ക്കാണ്. ഷംനാദ് സിന്തറ്റിക് മയക്കുമരുന്ന് കച്ചവടം ചെയ്യുന്ന ആളാണെന്നും ബോധ്യമായി.

ബുള്ളറ്റിന് തുച്ഛമായ തുകയും കൂടെ മയക്കു മരുന്നുകളും ആണ് പ്രതിഫലമായി നല്‍കിയത്. ബുള്ളറ്റിന് കൂടുതല്‍ പണം നല്‍കാമെന്ന ഷംനാദിന്റെ ഓഫര്‍ സ്വീകരിച്ചാണ് പ്രതികള്‍ പ്രധാനമായും അവ മോഷ്ടിച്ചിരുന്നത്. പ്രതികളുടെ പേരില്‍ തൃശൂര്‍ ഈസ്റ്റ്, ഷൊര്‍ണുര്‍, തിരൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. വാഹനം വിറ്റ് കിട്ടുന്ന പണം കൊണ്ട് പ്രതികള്‍ ലഹരിമരുന്ന് വാങ്ങിക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒമാരായ കണ്ണന്‍, അനീഷ്, പി.സി. അനില്‍കുമാര്‍, ടോമി എന്നിവരും ഉണ്ടായിരുന്നു.

Read also:  ഓടിവന്ന് സെൽഫിയെടുക്കാൻ യുവാവ്, തോളിൽ കൈയിട്ടപ്പോൾ ഉടക്കിയ സുരക്ഷ ഉദ്യോ​ഗസ്ഥരെ തടഞ്ഞ് യൂസഫലി -വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്