ഹരിപ്പാട്: വിവാഹത്തിന് സംഭാവനയായി കിട്ടിയ 1.60 ലക്ഷം രൂപ വീട്ടുകാരെ കബളിപ്പിച്ച തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പിൽ മുഹമ്മദ് ഷെരീഫ് (ഷെറിമോൻ ), ആലപ്പുഴ മംഗലം പുതുവൽ ആന്റപ്പൻ (65) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്.

ഡിസംബർ 22ന് തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി കാട്ടാശ്ശേരി പടീറ്റതിൽ കുഞ്ഞുമോന്റെ മകളുടെ വിവാഹത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഡിറ്റോറിയത്തിലെ സംഭാവന നൽകുന്ന സ്ഥലത്തെത്തി പ്രതികൾ തിരക്കുണ്ടാക്കുകയും പണം സൂക്ഷിച്ചിരുന്ന തടി മേശയുടെ വലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് വീട്ടുകാർ വൈകുന്നേരം വീട്ടിലെത്തി കണക്കു പരിശോധിച്ചപ്പോഴാണ് തുകയിൽ വലിയ കുറവ് കണ്ടത്. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓഡിറ്റോറിയത്തിലെയും തൃക്കുന്നപ്പുഴ ജംഗ്ഷനിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.