ഇന്ന് രാത്രി ഒൻപതോടെയാണ് അപകടം നടന്നത്. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു നന്ദനന്‍
തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍ (18) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതോടെയാണ് അപകടം നടന്നത്. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു നന്ദനന്‍. എതിരെ വന്ന സ്കൂട്ടറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ നന്ദനനെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പഴഞ്ഞിയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച നന്ദനൻ. അമ്മ സുധ.
ഗ്യാസ് സിലിണ്ടറിലെ ചോർച്ച: തൃശ്ശൂരിൽ സ്ത്രീകളടക്കം 6 പേർക്ക് പൊള്ളലേറ്റു
തൃശ്ശൂർ: പാചക വാതക സിലിണ്ടറിലെ ചോർച്ച നന്നാക്കുന്നതിനിടെ അപകടം. തീപിടുത്തത്തിൽ സ്ത്രീകളടക്കം ആറ് പേർക്ക് പൊള്ളലേറ്റു. തൃശ്ശൂർ വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലാണ് അപകടം നടന്നത്. മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങൽ റെഹ്മത്തലി എന്നിവർ അടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. അഞ്ച് പേരെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. ഇവരുടെ ആവശ്യപ്രകാരം ചോർച്ച പരിഹരിക്കാനാണ് റഹ്മത്തലി ഇവിടെ എത്തിയത്. എന്നാൽ ഇതിനിടെ തീ ആളിപ്പടർന്നു. റഹ്മത്തലിക്കും ഇദ്ദേഹത്തിന് അടുത്ത് നിന്നിരുന്ന ആറ് പേർക്കും പൊള്ളലേൽക്കുകയായിരുന്നു. കൈക്കും വയറ്റിലുമാണ് പൊള്ളലേറ്റത് എന്നാണ് വിവരം. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.
