പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് യുവാക്കാളെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്ത് രാവിലെ എട്ടരയോടെയാണ് രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളായ തട്ടോളിക്കരമീത്തല്‍ അക്ഷയ്, കാളിയത്ത് രണ്‍ദീപ് എന്നിവരാണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലായിട്ടില്ലെന്ന് എടച്ചേരി പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ സമീപത്തു നിന്നും സിറിഞ്ചുകളും ലഹരിമരുന്ന് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. രണ്‍ദീപിനെതിരെ നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുണ്ട്. ഇയാള്‍ കാരിയറാൗണെന്നാണ് സൂചന. രണ്ടd പേര്‍ക്കുമെതിരെ അടിപിടിക്കേസുമുണ്ട്. ഫോറന്‍സിക്, ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം.

പ്രദേശത്ത് ലഹരിമരുന്നുമായി മാഫിയയുമായി ബന്ധമുള്ള സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച കെയകെ രമ എംഎല്‍എ ആവശ്യപ്പെട്ടു. രണ്ട് മാസം മുമ്പ് കൊയിലാണ്ടിയിലും സമാനമായ രീതിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്