ഊരമ്പിൽ നിന്നും സിമന്‍റുമായി പൊഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും പൊഴിയൂരിൽ നിന്നും ഊരമ്പ് ഭാഗത്ത് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം: സിമന്‍റ് ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ ( 19) എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അപകടം. പൂവാർ ഊരമ്പ് പിൻകുളം എം എസ് സി ചർച്ചിന് മുന്നിലുള്ള കൊടുംവളവിലാണ് സംഭവം. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ജീനോ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഊരമ്പിൽ നിന്നും സിമന്‍റുമായി പൊഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും പൊഴിയൂരിൽ നിന്നും ഊരമ്പ് ഭാഗത്ത് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പള്ളിക്ക് മുന്നിലുള്ള വളവിൽ വെച്ച് ബൈക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏറ്റ ക്ഷതമാണ് ജോബിന്‍റെയും ജഫ്രിന്‍റെയും മരണ കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ഇന്നലെ കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്‍റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു.