പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫ് എക്സൈസിന്‍റെ വാഹന പരിശോധനയിലാണ് കുടുങ്ങിയത്.

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ ആദർശ്.ജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ജിജിൻ.എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, സനൽ കുമാർ, പ്രിവന്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ.ടി എന്നിവരും പങ്കെടുത്തു.

അതിനിടെ തിരുവനന്തപുരം കഴക്കൂട്ടത്ത് എക്സൈസ് റെയ്‌ഡിൽ 2 കിലോഗ്രാമിലധികം കഞ്ചാവുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ആഷിഷ് ദാസ് എന്നയാളാണ് ഷോൾഡർ ബാഗിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി പിടിയിലായത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. സഹീർഷായും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജാഫർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുർജിത്ത് തമ്പി, സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിന്റോ സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.