തിരുവനന്തപുരത്ത് ബോധമില്ലാത്ത ഒരാളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചയാളെ പോലീസ് തിരയുന്നു.
തിരുവനന്തപുരം: അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചയാളെ പൊലീസ് തിരയുന്നു. മാല, വാച്ച്, മൊബൈൽ ഫോൺ എന്നിവയാണ് എടുത്തു കൊണ്ടു പോയത്. ഇവ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരണം ലഭിക്കുന്നവർ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
അതേസമയം, കോഴിക്കോട് കൊടിയത്തൂർ ഗോതമ്പ് റോഡിലെ സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം മോഷണ ശ്രമമുണ്ടായി. രാത്രി 12 മണിയോടെയാണ് ഡൈലി നീഡ്‌സ് എന്ന സൂപ്പർ മാർക്കറ്റിൽ സംഭവം നടന്നത്. കടയുടെ ഷട്ടർ പൊളിച്ച് അകത്തുകയറിയ കള്ളൻ കടയിലെ ക്യാഷ് കൗണ്ടർ ഉൾപ്പടെ പരതുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. അതേ സമയം കടയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ അറിയിച്ചു. മുക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
