ഇഷ്ടികേം കാട്ടുകല്ലുകളുമാണ് എറിയുന്നത്. ഓടി ചെല്ലുമ്പോഴേയ്ക്കും എറിഞ്ഞവരുടെ പൊടി പോലുമുണ്ടാവില്ലെന്ന് നാട്ടുകാര്‍

പത്തനംതിട്ട: ഇരുട്ട് വീണാല്‍ തുടങ്ങുന്ന ചാത്തനേറില്‍ വലഞ്ഞിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു ഗ്രാമം. സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ വീടുകളിലേക്ക് കല്ലെറിയുന്നത് മൂലം സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് പത്തനംതിട്ട ആറന്മുളയിലെ മാലക്കര പ്രദേശം. പ്രായമായവരും കുട്ടികളും കഴിഞ്ഞ ദിവസമുണ്ടായ കല്ലേറിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

സാമൂഹ്യവിരുദ്ധരുടെ രാത്രികാല ആക്രമണം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. സംഭവത്തേക്കുറിച്ച് പരാതി നല്‍കിയെങ്കിലും പൊലീസിന് കുലുക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു വീട്ടിലേക്ക് മാത്രമല്ല കല്ലേറ് വരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കല്ലേറില്‍ പിഞ്ചു കുഞ്ഞ് അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ഇഷ്ടികേം കാട്ടുകല്ലുകളുമാണ് എറിയുന്നത്. ഓടി ചെല്ലുമ്പോഴേയ്ക്കും എറിഞ്ഞവരുടെ പൊടി പോലുമുണ്ടാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെരിഞ്ഞ ഭൂപ്രദേശമായ ഇവിടെ മുകളില്‍ നിന്ന് തുടങ്ങി താഴെ വരെയുള്ള വീടുകളിലേക്കും ചാത്തനേറുണ്ടാവുന്നുണ്ട്. മുറ്റത്ത് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ ഈ മേഖലയില്‍ സിസിടിവി ഇല്ലാത്തതും അക്രമിയെ കണ്ടെത്തുന്നതില്‍ തടസമായിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തില്‍ തൃശ്ശൂർ കുന്നംകുളം ഗാന്ധി നഗറിൽ അജ്ഞാതർ വീട് ആക്രമിച്ചു. തലപ്പിള്ളി വീട്ടിൽ വിജയകുമാറിന്റെ വീടിന്റെ ജനൽ ചില്ലുകളാണ് എറിഞ്ഞുടച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. കുന്നംകുളത്തെ അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം