. പുലർച്ചെ അഞ്ച് നാല്പതിനാണ് ആരും സഹായത്തിനില്ലാതെ ഗുരുതരാവസ്ഥയിൽ റോഡിൽ മഴ നനഞ്ഞ് അബോധാവസ്ഥയിൽ കിടന്ന യുവതി, പള്ളിയിൽ നിന്നും പ്രഭാത നിസ്കാരം കഴിഞ്ഞിറങ്ങിവന്ന കരീം ഉസ്താദിന്റെ ശ്രദ്ധയിൽ പെടുന്നത്.
മാന്നാർ: ലോറി ഇടിച്ച് അപകടത്തിൽപെട്ട് റോഡിൽകിടന്ന യുവതിക്ക് ഉസ്താദ് രക്ഷകനായി. മാന്നാർ കുട്ടംപേരൂർ വെളുമ്പയ്യത്ത് ഓട്ടോ തൊഴിലാളിയായ ലതീഷ് കുമാറിന്‍റെ ഭാര്യ ധന്യ സുധർമ്മനാണ് (36 ) മാന്നാർ മുസ്ലിം പള്ളിക്ക് സമീപമുള്ള വളവിൽ ബുധനാഴ്ച പുലർച്ചെ അപകടത്തിൽ പെട്ട് റോഡിൽകിടന്നത്. മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിൽ ജോലിചെയ്യുന്ന ചവറ കൊട്ടുകാട് സ്വദേശി അബ്ദുൽകരീം ഉസ്താദിന്റെ സമയോചിതമായ ഇടപെടലാണ് ധന്യക്ക് രക്ഷയായത്.
മാന്നാറിലെ ബേക്കറിയിൽ ജോലിചെയ്യുന്ന ധന്യ പുലർച്ചെ ജോലിക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറി തട്ടി റോഡിൽ വീണത്. വളവിനു സമീപത്തായുള്ള കോഴിക്കടയിൽ കോഴിയുമായി എത്തിയ വാഹനം തെറ്റായദിശയിൽ കിടന്നതും അപകടത്തിന് കാരണമായതായി പറയുന്നു. പുലർച്ചെ അഞ്ച് നാല്പതിനാണ് ആരും സഹായത്തിനില്ലാതെ ഗുരുതരാവസ്ഥയിൽ റോഡിൽ മഴ നനഞ്ഞ് അബോധാവസ്ഥയിൽ കിടന്ന യുവതി, പള്ളിയിൽ നിന്നും പ്രഭാത നിസ്കാരം കഴിഞ്ഞിറങ്ങിവന്ന കരീം ഉസ്താദിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഉസ്താദ് റോഡിന്റെ നടുവിൽ കയറി നിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി യുവതിയുടെ ശരീരത്ത് കയറാതെ സംരക്ഷിക്കുകയും മറ്റുള്ളവരുമായി ചേർന്ന് കടത്തിണ്ണയിലേക്ക് മാറ്റുകയും ചെയ്തു. അപകടസ്ഥലത്ത്നിന്നും ലഭിച്ച യുവതിയുടെഫോൺ ഉപയോഗിച്ച് ഭർത്താവിനെ വിവരമറിയിക്കുകയും നാലുപറയിൽ ഹക്കീം, കൊച്ചേഴത്ത് ഹാക്കിം എന്നിവർ ചേർന്ന് ഓട്ടോയിൽ പരുമലയിലെയും, പിന്നീട് തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ധന്യ സുധർമ്മൻ ഇപ്പോൾ.
സ്കൂളില്‍ പോകുന്നതിനിടെ വാഹനാപകടം; രണ്ട് കുട്ടികള്‍ മരിച്ചു
മാന്നാർ പൊലീസ് പള്ളിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇട്ടിച്ചിട്ട് പോയ ലോറിയുടെ വിവരങ്ങൾ ശേഖരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുകയുമുണ്ടായി. അപകടത്തിന് കാരണമായ വാഹനത്തിൽ നിന്നും ആളിറങ്ങി നോക്കി തിരികെ കയറിപോവുന്നതും കോഴിക്കടയിൽ വന്ന വാഹനം അപകടമുണ്ടായതിനെത്തുടർന്ന് എടുത്ത് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുസ്ലിംപള്ളിക്ക് സമീപത്തുള്ള വളവിൽ വാഹനം നിർത്തി കോഴികളെ ഇറക്കുന്നത് സ്ഥിരമായി അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
ഫോട്ടോ
അപകടത്തിന് കാരണമായ ലോറിയിലെ തൊഴിലാളി അപകടത്തിനെത്തുടർന്ന് ഇറങ്ങി നോക്കിയതിനു ശേഷം തിരികെ ലോറിയിലേക്ക് കയറുന്ന സിസിടിവി ദൃശ്യം
