ആലപ്പുഴ: ടിപ്പറും പിക്അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരപരിക്ക്. നൂറനാട് പണയിൽ ഉന്മേഷ് ഭവനത്തിൽ ആദർശ് ലാൽ (30), എരുമക്കുഴി അനന്തഭവനത്തിൽ ശ്രീജിത്ത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് നൂറനാട് പത്താംമൈൽ - പന്തളം റോഡിലെ കുടശ്ശനാട് കല്ലിനാൽ ജംഗ്ഷനുസമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്അപ്പ് വാൻ തവിടുപൊടിയായി. നൂറനാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ അമിത വേഗതയാകാം അപകടത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തൽ. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.